നാളെ യൂറോപ്യന്‍ യുദ്ധം; അയല്‍ക്കാരായ ഇംഗ്ലണ്ടും അയര്‍ലന്‍ഡും നേര്‍ക്കുനേര്‍

ട്വന്റി–20 ലോകകപ്പില്‍ നാളെ യൂറോപ്യന്‍ യുദ്ധം. അയല്‍ക്കാരായ ഇംഗ്ലണ്ടും അയര്‍ലന്‍ഡും കളത്തില്‍ ഏറ്റുമുട്ടും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ രാവിലെ 9.30ന് മല്‍സരം തുടങ്ങും .ഇംഗ്ലണ്ടിന്റെ ഹൈ പ്രൊഫൈല്‍ ബാറ്റിങ് യൂണിറ്റ് അഫ്ഗാനിസ്ഥാനെതിരെ വിയര്‍ത്തുകുളിക്കുന്നതാണ് ആദ്യമല്‍സരത്തില്‍ കണ്ടത്. ക്രിക്കറ്റ് വിദഗ്ദര്‍ ഇപ്പൊഴേ ബാറ്റിങ് നിരയുടെ പ്രകടനത്തില്‍ ചോദ്യമുന്നയിച്ച് കഴിഞ്ഞു. കരുത്തുറ്റ ബോളിങ് യൂണിറ്റാണ് ഇംഗ്ലണ്ടിന്റേത്. അഫ്ഗാനെ 112–ല്‍ ഒതുക്കി . ഓള്‍ റൗണ്ടര്‍ സാം കറന്റെ തകര്‍പ്പന്‍ പ്രകടനമാണ് മല്‍സരത്തില്‍ നിര്‍ണായമായത്. അഫ്ഗാന്‍ നിരയിലെ പകുതി പേരെ മടക്കിയ കറനായിരുന്നു കളിയിലെ താരവും. ജോസ് ബട്‌ലറാണ് ബാറ്റിങ്ങില്‍ ത്രീലയണ്‍സിന്റെ കീ പ്ലെയര്‍. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി–20 പരമ്പരയില്‍ 150 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ ഫോമിലേയ്ക്കെത്തിയത്. അഫ്ഗാനിസ്ഥാനെതിരെ 18 റണ്‍സിന് പുറത്തായെങ്കിലും അയല്‍ക്കാര്‍ക്കെതിരായ അഭിമാന പോരാട്ടത്തില്‍ ക്യാപ്റ്റന്‍ കരുത്ത് കാട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അലക്സ് ഹെയ്‌ല്‍സ്, ഡേവിഡ് മലാന്‍, ബെന്‍ സ്റ്റോക്സ്, മൊയീന്‍ അലി, ലിയം ലിവിങ്‌സ്റ്റോണ്‍, സാം കറന്‍, ക്രിസ് വോക്സ്, ആദില്‍ റഷീദ്, മാര്‍ക് വുഡ് എന്നിവര്‍ ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവനില് ഇടം നിലനിര്‍ത്താനാണ് സാധ്യത റിപ്പോര്‍ട്ടുകള്‍.