ഈ വിജയം നിങ്ങളുടേതാണ്, നന്ദി പറഞ്ഞ് ബെൻ സ്റ്റോക്സ്; ഇനി ആഷസിൽ കാണാം

ലോകകപ്പ് വിജയത്തിന് പിന്നാലെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും നന്ദി പറഞ്ഞ് ബെൻ സ്റ്റോക്സ്. രാജ്യം നൽകിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്നും ടീമിനെ ഓരോ നിമിഷവും പ്രചോദിപ്പിച്ച ജനങ്ങളാണ് ഇതിഹാസങ്ങളെന്നും സ്റ്റോക്സ് ട്വിറ്ററിൽ കുറിച്ചു. അഭിനന്ദനങ്ങൾ അറിയിച്ചവർക്കും താരം നന്ദി പറഞ്ഞിട്ടുണ്ട്. 

സൂപ്പർ ഓവർ വരെ ക്രീസിൽ നിന്ന സ്റ്റോക്സ് നേടിയ 84 റൺസായിരുന്നു ഇംഗ്ലണ്ടിന്റെ വിജയത്തിന് കാരണമായത്. സ്റ്റോക്സിന്റെ ഓവർത്രോയുടെയും അതിന് ലഭിച്ച അധിക റണിന്റെയും വിവാദങ്ങളുടെ ചൂട് ഇതുവരേക്കും  അടങ്ങിയിട്ടില്ല. 465 റൺസാണ് ലോകകപ്പ് ടൂർണമെന്റിൽ നിന്നും ഈ 28 കാരൻ അടിച്ചു കൂട്ടിയത്. മിന്നുന്ന പ്രകടനത്തിന് നൈറ്റ്ഹുഡ് നൽകി ആദരിക്കാനാണ് ഇംഗ്ലണ്ടിന്റെ തീരുമാനം.

സമാനതകളില്ലാത്ത ചരിത്രം കുറിച്ചാണ്  ഇംഗ്ലണ്ട് ലോകകപ്പിൽ മുത്തമിട്ടത്. 50 ഓവറിലും സൂപ്പർ ഓവറിലും വിജയിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ ബൗണ്ടറികളുടെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ലോകചാമ്പ്യൻമാരെ കാത്തിരിക്കുന്ന അടുത്ത ടൂർണമെന്റ് ആഷസാണ്. ആഗസ്റ്റ് ഒന്നിന് പരമ്പര ആരംഭിക്കും.