ഇന്ത്യയെ കൈപിടിച്ചുയര്‍ത്തുമോ കുല്‍ദീപ്–ചാഹല്‍ സഖ്യം

ഇംഗ്ലണ്ടിലെ ലോകകപ്പ് വേദികളില്‍ വമ്പന്‍ സ്കോറുകള്‍ പിറക്കുമെന്നാണ് പ്രവചനം. അങ്ങനെയെങ്കില്‍ എതിരാളികളെ പിടിച്ചുകെട്ടാന്‍ മധ്യഓവറുകളിലെ സ്പിന്‍ബോളിങ് നിര്‍ണായകം ആകും. ഐപിഎല്ലില്‍ എല്ലാ രാജ്യത്തെകളിക്കാരും സ്പിന്നിനെതിരെ കളിച്ച് പരിചയിക്കുന്നുണ്ടെങ്കിലും ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ് ടീമുകളിലെ പലതാരങ്ങള്‍ക്കും സ്പിന്‍ ബോളിങ്ങിനെതിരെ അത്രമികവില്ല. ഈയൊരു സാഹചര്യത്തിലാണ് കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും  ഇന്ത്യയുടെ തുറുപ്പുചീട്ടാകുക. ഇരുവരും സമീപകാലത്ത് നടത്തിയ പ്രകടനവും ഇംഗ്ലണ്ടിലെ പ്രകടനവും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നു. 

വിക്കറ്റ് കൊയ്യുന്ന കുല്‍ദീപ്–ചാഹല്‍ സഖ്യം 

ഇരുവരും 28 ഏകദിനങ്ങളിലാണ് ഒരുമിച്ച് കളിച്ചിട്ടുള്ളത്. ഇതില്‍ ചാഹലിന്റെ ലെഗ്ബ്രേക്കിനെക്കാള്‍ കുല്‍ദീപിന്റെ റിസ്റ്റ് സ്പിന്‍ ആണ് ഫലപ്രദം. കുല്‍ദീപ് 28മല്‍സരങ്ങളില്‍ 60വിക്കറ്റ് നേടിയപ്പോള്‍ ചാഹല്‍ നേടിയത് 43വിക്കറ്റാണ്. ഇക്കോണമി റേറ്റിലും കുല്‍‌ദീപ് തന്നെ മുന്നില്‍. അഞ്ചില്‍താഴെയാണ് കുല്‍ദീപിന്റെ ഇക്കോണമി റേറ്റ്. ചാഹലിന്റേത് അഞ്ചിനുമുകളിലുമാണ്. 24കാരനായ കുല്‍ദീപ് ഏകദിന കരിയറില്‍ ഇതുവരെ കളിച്ചത് 44മല്‍സരങ്ങളാണ്. 87 വിക്കറ്റുകള്‍ കുല്‍ദീപ് നേടി. 25റണ്‍സ് വിട്ടുകൊടുത്ത് ആറുവിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. 4.93ആണ് ഇക്കോണമിറേറ്റ്. 28കാരനായ ചാഹല്‍ 41മല്‍സരങ്ങളില്‍ നിന്ന് 72 വിക്കറ്റ് വീഴ്ത്തി. 42റണ്‍സ് വിട്ടുകൊടുത്ത് ആറുവിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. ഇക്കോണമി റേറ്റ് 4.89. 

ഇംഗ്ലണ്ടിലെ പ്രകടനം

കുല്‍ദീപും ചാഹലും ഇംഗ്ലണ്ടില്‍ കളിച്ചുപരിചയമുള്ളവരാണ്. ഇരുവരും മൂന്നുമല്‍സരം വീതം ഇംഗ്ലണ്ടില്‍ കളിച്ചു. കുല്‍ദീപ് ഒന്‍പത് വിക്കറ്റെടുത്തപ്പോള്‍ ചാഹല്‍‌ രണ്ടുവിക്കറ്റെടുത്തു. കുല്‍ദീപ് കരിയറിലെ മികച്ച പ്രകടനം നടത്തിയ ഇംഗ്ലണ്ടിലാണെന്നതും ശ്രദ്ധേയമാണ്. 25റണ്‍സ് വിട്ടുകൊടുത്ത് ആറുവിക്കറ്റെടുത്തത് ഇംഗ്ലണ്ടിലെ പിച്ചില്‍ നിന്നായിരുന്നു. 

എന്താണ് പോരായ്മ

ബോളര്‍മാര്‍ എന്നനിലയില്‍ ഇരുവരും മികവുറ്റവര്‍ എങ്കിലും ബാറ്റിങ്ങില്‍ ഇവര്‍ പോരാ. ബാറ്റിങ് നിര പരാജയപ്പെട്ടാല്‍ അതിന് അനുസരിച്ച് റണ്‍സ് അടിച്ചുകൂട്ടാന്‍ ശേഷിയില്ല. അങ്ങനെ വന്നാല്‍ ഈ കൂട്ട് പൊളിച്ച്് ജഡേജയെ പരീക്ഷിച്ചേക്കും.