മനസ് പറഞ്ഞു; തയ്യാറാകൂ.. ആ ഓവർ നിനക്ക്; സ്വപ്നേട്ടത്തെക്കുറിച്ച് വിജയ് ശങ്കർ

നിർണായകമായ അവസാന ഓവറുകൾ എറിയുന്നത് ഏതു ബൗളർക്കും വെല്ലുവിളിയാണ്. വിക്കറ്റെടുത്താൽ പ്രശസ്തിയുടെ ഉയരങ്ങളിലേക്ക്, ഇല്ലെങ്കിൽ പഴിചാരലുകളുടെ നടുവിലേക്ക്. നെഞ്ചിടിപ്പോടെയല്ലാതെ ഒരു ബോളർക്കും പന്ത് കയ്യിലെടുക്കാനാകില്ല. 

നാഗ്പൂർ ഏകദിനത്തിൽ അവസാന ഓവറിൽ ഓസ്ട്രേലിയക്കു ജയിക്കാൻ വേണ്ടിയിരുന്നത് 11 റൺസ്. ക്രീസിൽ മികച്ച ഫോമിൽ സ്റ്റോയിൻസും ആറു റൺസുമായി നഥാൻ ലിയോണും. ഇന്ത്യൻ ടീമിൽ മുൻനിര ബോളർമാരുടെ ഓവറുകളെല്ലാം കഴിഞ്ഞിരുന്നു. ഇനി വിജയ് ശങ്കറും കേദാർ ജാദവും . വിജയ് ശങ്കറാണെങ്കിൽ ആദ്യ ഓവറിൽ 13 റൺസാണ് വഴങ്ങിയത്. 

എന്നാൽ ആ താരത്തിൽ ഇന്ത്യൻ നായകൻ പൂർണവിശ്വാസം അർപ്പിച്ച് പന്ത് കൈമാറി. പ്രതീക്ഷ തെറ്റിയില്ല. ആദ്യ പന്തിൽ തന്നെ സ്റ്റോയിൻസ് പുറത്ത്. മൂന്നാം പന്തിൽ സാംബയുടെ സ്റ്റംപും ഇളകി. ഇന്ത്യയ്ക്കു ത്രസിപ്പിക്കുന്ന ജയം. 

43 ാം ഓവർ കഴിഞ്ഞപ്പോഴേ അവസാന ഓവർ തനിക്കായിരുമെന്നു തന്റെ മനസ് പറഞ്ഞെന്നു വിജയ് ശങ്കർ കളിയ്ക്കു ശേഷം പ്രതികരിച്ചു. അപ്പോൾ മുതൽ ആ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു, തയ്യാറെടുക്കുകയായിരുന്നു അതിനായി. നിർണായക ഘട്ടത്തിൽ പന്തെറിഞ്ഞ് വിക്കറ്റെടുക്കുക തന്റെ സ്വപ്നമായിരുന്നു. അത് സാധ്യമായി. വൻവെല്ലുവിളിയാണ് ഏറ്റെടുത്തതെന്നറിയാമായിരുന്നു. എന്നാൽ സമ്മർദ്ദമില്ലാതെയാണ്  പന്തെറിഞ്ഞതെന്നും വിജയ് ശങ്കർ പറഞ്ഞു.