ആ തീരുമാനം നേരത്ത അറിഞ്ഞെന്ന് വിജയ്; ലോകകപ്പ് ടീമിലേക്കെന്ന് ഭാജി

രണ്ടു വിക്കറ്റ് ശേഷിക്കെ വിജയിക്കാൻ 11 റൺസ് മാത്രം മതിയായിരുന്നു ഓസീസിന്. ക്രീസിൽ മാർക്കസ് സ്റ്റോയ്റ്റ്നിസും നാദൻ ലിയോണും. 

ആദ്യ ഓവറിൽ 13 റൺസ് വിട്ടുകൊടുത്ത് പിന്നീട് ബോളിങ്ങിന് പോലും അവസരം ലഭിക്കാതെ പോയ വിജയ് ആണ് അവസാന ഓവർ എറിയാനെത്തിയത്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങിയവരുടെ ഓവറുകൾ തീർന്നതായിരുന്നു കാരണം. ക്യാപ്റ്റൻ  വിരാട് കോഹ്‌ലിയും എംഎസ് ധോണിയുമായിരുന്നു ആ തീരുമാനത്തിന് പിന്നിൽ. തീരുമാനം ശരിയായിരുന്നുവെന്ന് വിജയ് തെളിയിച്ചു. 

മൽസരം കൈവിട്ടുപോകുമെന്ന് ആരാധകർ പോലും ഉറച്ചിരിക്കെ ആദ്യ പന്തിൽത്തന്നെ സ്റ്റോയ്നിസിനെ എൽബിയിൽ കുരുക്കിയ വിജയ്, ഓസീസിനെ തോൽവിയിലേക്കു തള്ളിവിട്ടു. അടുത്ത പന്തിൽ ഡബിളെടുത്ത സാംപയെ മൂന്നാം പന്തിൽ  തെറിപ്പിച്ച് മടക്കി. ആധികാരികമായി, ഐതിഹാസികമായി വിജയ് വിജയം പിടിച്ചെടുത്തു.

വിജയിയെ അവസാന ഓവർ എറിയിക്കാനുള്ള തീരുമാനം ഇന്ത്യൻ ടീം 43ാം ഓവറിൽ തന്നെ എടുത്തിരുന്നു. മത്സരശേഷം വിജയ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ''നിർ‌ണായക സമയത്ത് സമ്മർദ്ദമില്ലാതെ ബൗൾ ചെയ്ത് വിക്കറ്റെടുക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. അത് സാധ്യമായിരിക്കുന്നു. 43ാം ഓവർ മുതൽ അവസാന ഓവർ എറിയുന്നതും കാത്തിരിക്കുകയായിരുന്നു ഞാൻ''- വിജയ് പ്രതികരിച്ചു. 

പിന്നാലെ വിജയിയെ പ്രശംസിച്ച് ക്രിക്കറ്റ് താരങ്ങളും ആരാധകരും രംഗത്തെത്തി. ലോകകപ്പ് ടീമിൽ തമിഴ്നാട്ടുകാരൻ ഇടം പിടിച്ചുവെന്നായിരുന്നു ഹർഭജൻ സിങ്ങിന്റെ ട്വീറ്റ്.