പരിമിതികളോട് പടവെട്ടി വോളിബോളിൽ ഉയരങ്ങൾ കീഴടക്കി അഖിൽ; സർക്കാർ അവഗണന

പരിമിത സാഹചര്യങ്ങളോട് പൊരുതി കായികരംഗത്ത് അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കുകയാണ് അങ്കമാലി കിടങ്ങൂർ സ്വദേശി അഖില്‍ വര്‍ഗീസ്. കേള്‍ക്കാനും സംസാരിക്കാനും കഴിയാത്ത അഖില്‍, വോളിബോളിലാണ് ഉയരങ്ങള്‍ കീഴടക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിവിധ രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തെങ്കിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ഒരു ജോലിയില്ല എന്നതാണ് ഈ കായികതാരത്തെ തളര്‍ത്തുന്നത്.

കേള്‍വിശക്തിയില്ലാത്തവര്‍ക്കായി നടത്തിയ ദേശീയ കായികമേളയില്‍ ചരിത്രത്തിലാദ്യമായി കേരളം ഓവറോൾ ചാമ്പ്യൻ പട്ടം നേടിയപ്പോൾ ആ ടീമിൽ അംഗമായിരുന്നു അഖില്‍. വാഷിങ്ടണില്‍ നടന്ന വോളിബോൾ ചാംപ്യന്‍ഷിപ്പിലും ഇന്ത്യക്കുവേണ്ടി കോര്‍ട്ടിലിറങ്ങിയിട്ടുണ്ട് അഖില്‍. കഷ്ടപ്പാടിന്റെ നടുവിലാണെങ്കിലും കഠിനമായ പരിശ്രമത്തിലൂടെയാണ് കായികരംഗത്ത് നേട്ടം കൈവരിക്കാനായത്. 5 സെന്റ് സ്ഥലം മാത്രമുള്ള ഈ കുടുംബത്തിന് പിതാവിന്റെ ഓട്ടോറിക്ഷ മാത്രമാണ് ഏക വരുമാനമാര്‍ഗം.

കർണാടക ജെഎസ്എസ് കോളജിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമയും നേടിയിട്ടുണ്ട് അഖില്‍. കായികരംഗത്ത് ഒട്ടേറെ നേട്ടങ്ങളുമായി മുന്നോട്ടുപോകുമ്പോഴും സർക്കാരിന്റെ അർഹമായ പരിഗണന ലഭിക്കാത്തതിന്റെ വിഷമത്തിലാണ് ഈ യുവാവ്.

ജോലിയെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്ന നാളെയ്ക്കായി കാത്തിരിക്കുകയാണ് അഖില്‍