പെനാല്‍റ്റി കിക്കെടുക്കാതെ മെസി, വലിയ മനസിന് നന്ദി പറഞ്ഞ് കുടിഞ്ഞ്യോ

പെനാൽറ്റി കിക്ക്...അതൊരു സുഖമുള്ള പണിയല്ല. തൊടുക്കുന്നവനും തടുക്കുന്നവനും കാണുന്നവനും ഒന്നു വിറയ്ക്കുന്ന നിമിഷങ്ങൾ. എത്രയെത്ര പ്രതിഭകളാണ് പെനാൽറ്റി കിക്കെന്ന ദുർഭൂതത്തിനു മുന്നിൽ കാലിടറി വീണിട്ടുള്ളത്. സമ്മർദ്ദത്തെ അതിജീവിച്ച് പന്ത് വലയിലെത്തിക്കാൻ കുറച്ച് സാഹസം കാണിക്കേണ്ടി വേണ്ടി വരും. 

കോപ്പ ഡെൽ റെ കപ്പിൽ സെവിയ്യയെ തോൽപ്പിച്ച് ബാർസലോണ സെമിയിലെത്തിയിരിക്കുകയാണ്. ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ബാർസയുെട ഉജ്വലജയം. കളിക്കി‌‌‌ടെ ആരാധകരുടെ കയ്യടി നേടിയിരിക്കുകയാണ് ലയണൽ മെസി. മെസിയെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിനു റഫറി പെനാൽറ്റി വിധിച്ചു. ടീമിന്റെ പെനാൽറ്റി കിക്കെടുക്കാറ് മെസിയാണ്. 

എന്നാൽ ഇത്തവണ മെസി സ്വയം പിന്‍മാറി. പകരം സമീപകാലത്ത് ഫോമിലല്ലാത്ത ബ്രസീലിയന്‍ താരം ഫിലിപ്പെ കുടിഞ്ഞ്യോയെ കിക്കെടുക്കാന്‍ ക്ഷണിച്ചു. താരം പന്ത് അനായാസം വലയിലെത്തിക്കുകയും ചെയ്തു. മെസി പിന്‍മാറിയതിന്റെ കാരണം ആരാധകര്‍ക്കു വ്യക്തമായിരുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി മെസി തന്നെ രംഗത്തെത്തി. കുടിഞ്ഞ്യോയ്ക്കു ആത്മവിശ്വാസം നല്‍കാനാണ് താന്‍ അങ്ങനെ ചെയ്തതെന്നു മെസി പറഞ്ഞു. അടുത്ത കാലത്തായി താരം മികച്ച ഫോമിലല്ല. കിക്കെടുക്കാന്‍ അദ്ദേഹത്തിനു താല്‍പര്യവും ഉണ്ടായിരുന്നതായി മെസി പറഞ്ഞു. 

തനിക്കു അവസരം നല്‍കിയ മെസിയ്ക്കു നന്ദി പറയാനും കുടിഞ്ഞ്യോ മറന്നില്ല. അദ്ദേഹത്തിന്റെ വലിയ മനസിന്റെ തെളിവാണിതെന്നും താരം പറഞ്ഞു. പെനാല്‍റ്റി കിക്കടക്കം കുടിഞ്ഞ്യോ മത്സരത്തില്‍ രണ്ടു ഗോളുകള്‍ നേടി.