‘കറുത്ത’ വിളി, വൻപ്രതിഷേധം; പാക് നായകൻ മാപ്പ് പറഞ്ഞു; വിഡിയോ

ക്രിക്കറ്റ് ഗ്രൗണ്ടിൽ എതിരാളികളെ ചീത്ത വിളിക്കുന്നതിൽ ഓസ്ട്രേലിയ്ക്കു തൊട്ടുപിന്നിൽ തന്നെയാണ് പാക്കിസ്ഥാന്റെ സ്ഥാനം. സ്ളെഡ്ജിങ് എന്ന ഓമനപ്പേരിൽ എതിർ ടീമംഗങ്ങളെ പ്രകോപിപ്പിക്കുന്നതിൽ പാക് താരങ്ങൾ പണ്ടേ മിടുക്കരാണ്. 

ദക്ഷിണാഫ്രിക്കക്കെതിരായ നടന്ന രണ്ടാം ഏകദിനത്തിൽ വംശീയാധിക്ഷേപം നടത്തിയ പാക് നായകൻ സർഫറാസ് അഹമ്മദിന്റെ വാക്കുകൾ വിവാദമായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ താരം ആൻഡിലെ ഫെലുക്വായോയെയാണ് സർഫറാസ് അധിക്ഷേപിച്ചത്.  37 ാം ഓവറിലായിരുന്നു സംഭവം. ഷഹീൻ അഫ്രീദിയുടെ ഓവറിൽ പന്ത് ഇൻസൈഡ് എഡ്ജിൽ തട്ടി പുറകിലേക്ക് പാഞ്ഞു. സിംഗിൾ ഓടിയെടുത്തു. തുടർന്നാണ് പാക് നായകന്റെ വാക് പ്രയോഗമെത്തിയത്. 

‘കറുത്ത മനുഷ്യാ.. നിന്റെ അമ്മ ഇന്ന് എവിടെപ്പോയാണ് പ്രാർഥിച്ചത്.. അവരോടു എന്ത് പ്രാർഥിക്കാനാണ് പറഞ്ഞത്’ .. എന്നായിരുന്നു സർഫറാസിന്റെ വാക്കുകൾ. ഉറുദുവിലായിരുന്നു അധിക്ഷേപം. ഭാഷ അറിയാത്തതിനാൽ ഫെലുക്വായോ പ്രതികരിച്ചില്ല. 

എന്നാൽ സ്റ്റംപ് മൈക്ക് വാക്കുകൾ കൃത്യമായി പിടിച്ചെടുത്തു. വാർത്ത പുറത്തായതോടെ പാക് താരത്തിെനതിരെ വൻപ്രതിഷേധം അലയടിച്ചു. പാക് താരങ്ങൾ പോലും സർഫറാസിനെതിരെ രംഗത്തെത്തി. 

രംഗം വഷളായതോടെ താരം മാപ്പ് പറഞ്ഞു. ആരേയും മനപൂർവം വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സർഫറാസ് പറഞ്ഞു. ഭാവിയിൽ മൈതാനത്ത് മാന്യമായി പെരുമാറാനും എതിരാളികളെ ബഹുമാനിക്കാനും താൻ ശ്രദ്ധിക്കുമെന്നും താരം ട്വിറ്ററിൽ കുറിച്ചു