കൃഷ്ണഗിരിയിൽ ഒരു വിജയഗാഥ; തന്ത്രങ്ങൾക്കു പിന്നിലെ തല

വെല്ലുവിളികൾ ഏറ്റെടുക്കുന്നത് ഡേവ് വാട്മോറിനു ഒരു ഹരമാണ്. ആ ഹരമാണ് തന്റെ ശിഷ്യരിലേക്ക് അദ്ദേഹം പകർന്നു നൽകിയത്. അങ്ങനെ വയനാട്ടിലെ കൃഷ്ണഗിരിയിൽ ചരിത്രം പിറന്നു. രഞ്ജി ട്രോഫിയില്‍ ആദ്യമായി കേരളം സെമിഫൈനലില്‍ കടന്നു.

ചരിത്ര നിമിഷത്തിൽ ടീമിന് ആത്മബലം പകർന്നു നൽകിയ ഓസ്ട്രേലിയൻ പരിശീലകൻ ഡേവ് വാട്മോറിന്റെ പങ്കും വിസ്മരിക്കാനാകാത്തതാണ്.  രണ്ടു വർഷമായി തന്ത്രങ്ങൾ പകർന്ന് വാട്മോർ കേരളത്തെ ശക്തിപ്പെടുത്തുന്നു. ശ്രീലങ്കയെ ലോകചാംപ്യൻമാരാക്കുകുയം ബംഗ്ളാദേശിനെ ആരും ഭയക്കുന്ന ഒരു ടീമാക്കി വാർത്തെടുക്കുകയും ചെയ്ത ഈ പരിശീലകനു കീഴിൽ കേരളം ഇനിയും വളരുമെന്നറുപ്പ്. 

ചെന്നൈ ശ്രീരാമ കൃഷ്ണ മെഡിക്കൽ കോളജിൽ ട്രൂകോച്ച് പദ്ധതിയുടെ ഭാഗമായാണു വാട്മോർ ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റ് സീസൺ നടക്കുന്ന 6 മാസത്തോളം അദ്ദേഹത്തിനു കോളജിൽ പരിശീലനമില്ലാത്ത സമയമാണ്. അവിടെ ക്രിക്കറ്റ് പ്രോജക്ട് തലവനായിരുന്ന കേരളത്തിന്റെ മുൻ രഞ്ജി ടീം ക്യാപ്റ്റൻ എസ്.രമേശ് ആണു വാട്മോറിന് ഒഴിവുള്ള ഈ 6 മാസക്കാലം കേരളത്തിനായി ഉപയോഗപ്പെടുത്താനാവുമോ എന്ന ആശയം കെസിഎയുമായി പങ്കുവയ്ക്കുന്നത്. കെസിഎ ഭാരവാഹികൾ ചെന്നൈയിലെത്തി ചർച്ച നടത്തിയപ്പോൾ ദുർബലരെ കരുത്തരാക്കുന്നതിൽ ഹരം കാണുന്ന വാട്മോർ ആ വെല്ലുവിളി സന്തോഷത്തോടെ  ഏറ്റെടുക്കുകയായിരുന്നു

ക്രെഡിറ്റ് കേരളത്തിന്റെ പേസ് ത്രയത്തിന്

ഗുജറാത്തിന്റെ പേരുകേട്ട ബാറ്റ്സ്മാൻമാർ പതറിയെങ്കിൽ അതിന്റെ ക്രെഡിറ്റ് കേരളത്തിന്റെ പേസ് ത്രയത്തിനാണ്. ബേസിൽ തമ്പിയും സന്ദീപ് വാര്യറും നിധീഷ് എംഡിയും ഒന്നിനൊന്ന് മികച്ച് നിന്നു. രണ്ട് ഇന്നിംങ്സിലുമായി ബേസിലും സന്ദീപും എട്ടു വിക്കറ്റാണ് വീഴ്ത്തിയത്. നിധീഷ് മൂന്നു വിക്കറ്റ് പിഴുതു. 

195 റൺസ് വേണ്ടിയിരുന്ന ഗുജറാത്തിന് നിലയുറപ്പിക്കാൻ കേരള ബൗളർമാർ അനുവദിച്ചില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്താൻ സന്ദീപിനും ബേസിലിനും സാധിച്ചു. 

കേരളത്തിന്റെ ചരിത്രനേട്ടത്തില്‍ ചാരിതാര്‍ഥ്യമെന്ന് രഞ്ജി ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി മനോരമന്യൂസിനോട് പറഞ്ഞു. വിജയത്തിന്‍റെ  ക്രെഡിറ്റ് പേസര്‍മാര്‍ക്കാണ്.പിച്ചും മല്‍സരവും കഠിനമായിരുന്നു, കേരളം ഒത്തിണക്കത്തോടെ കളിച്ചുവെന്നും സച്ചിന്‍ പ്രതികരിച്ചു. 

നന്നായി പന്തെറിഞ്ഞതിനൊപ്പം പിച്ചില്‍ നിന്നുള്ള സാഹയവും ഏറെ ലഭിച്ചെന്ന് കേരളത്തിന്‍റെ വിജയത്തില്‍ മുഖ്യപങ്കുവഹിച്ച ബേസില്‍ തമ്പി. പാര്‍ഥിവ് പട്ടേലിനെയും പ്രയാങ് പഞ്ചാലിനെയും പെട്ടെന്ന് പുറത്താക്കുകയായരുന്നു പ്രധാന ലക്ഷ്യമെന്നും ബേസില്‍ പ്രതികരിച്ചു. പരുക്കുവകവെക്കാതെ ബാറ്റിനിറങ്ങിയ സഞ്ജു സാംസണും വിജയത്തിലെ സന്തോഷം പങ്കുവെച്ചു.പിച്ചില്‍ നിന്ന് മികച്ച പിന്തുണ ലഭിച്ചതായി കേരള പേസര്‍ എം.ഡി നിധീഷ് പറഞ്ഞു.

ചരിത്രം കുറിച്ച് കേരള ക്രിക്കറ്റ് ടീം

വയനാട്ടില്‍ ചരിത്രം കുറിച്ച് കേരള ക്രിക്കറ്റ് ടീം. രഞ്ജി ട്രോഫിയില്‍ ആദ്യമായി സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ 113 റണ്‍സിന്  തകര്‍ത്തു. കേരളത്തിന്റെ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 81 റണ്‍സിന് പുറത്തായി. പേസര്‍ ബോളര്‍മാരായ സന്ദീപ് വാരിയര്‍, ബേസില്‍ തമ്പി, എം.ഡി.നിഥീഷ് എന്നിവരുടെ പ്രകടനമാണ് കേരളത്തിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ബേസില്‍ തമ്പിയും സന്ദീപ് വാരിയറും എട്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യഇന്നിങ്സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്ത കേരളം രണ്ടാം ഇന്നിങ്സില്‍ 171 റണ്‍സാണ് എടുത്തത്.  23 റണ്‍സ് ഒന്നാമിന്നിങ്സ് ലീഡ് കേരളത്തിന് നേടാനായതും  മല്‍സരത്തില്‍ നിര്‍ണായകമായി. വിദർഭ–ഉത്തരാഖണ്ഡ് ക്വാർട്ടർ വിജയികളുമായാണ് കേരളത്തിന്റെ സെമി പോരാട്ടം.