സഞ്ജുവിനും ചാരുലതയ്ക്കും ആശംസകളുമായി രാഹുൽ ദ്രാവിഡും; ആവേശം

സഞ്ജു വി. സാംസണിന് വിവാഹാശംസകൾ നേരാൻ മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ് തിരുവനന്തപുരത്തെത്തി. ഇന്നലെയാണ് അഞ്ചുവർഷം നീണ്ട പ്രണയത്തിന് ശേഷം ചാരുലതയെ സഞ്ജു മിന്നുചാർത്തിയത്. വിവാഹശേഷം തിരുവനന്തപുരത്ത് നടത്തിയ വിവാഹസത്കാരത്തില്‍ പങ്കെടുക്കാൻ കുടുംബസമേതമാണ് രാഹുലെത്തിയത്.

അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ലളിതമായിരുന്നു വിവാഹച്ചടങ്ങെങ്കിലും ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്‍ററിലെ വിരുന്ന് വര്‍ണാഭമായിരുന്നു. സ‍ഞ്ജുവിന്റെ ക്രിക്കറ്റ് ജീവിതത്തിൽ നിർണായക സ്ഥാനം വഹിച്ച ആളാണ് രാഹുൽ ദ്രാവിഡ്. രാഹുൽ വിവാഹത്തിനെത്തുമെന്ന് ആരാധകർക്കും ഉറപ്പുണ്ടായിരുന്നു. എ ടീമിലും രാജസ്ഥാൻ റോയൽസിലും സഞ്ജുവിന്റെ ഗുരുവും വഴികാട്ടിയുമായിരുന്നു ദ്രാവിഡ്. ഭാര്യ സുചേതക്കൊപ്പമായിരുന്നു ദ്രാവിഡ് ആശംസകളുമായി എത്തിയത്.