മക്കളുടെ കളി കാണാൻ പോലും എനിക്കു സാധിക്കില്ലല്ലോ, പൊട്ടിക്കരഞ്ഞ് ശ്രീ; വിഡിയോ

മുൻഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ എസ്. ശ്രീശാന്ത് ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത നാളുകളായിരിക്കും അത്. ഐപിഎൽ ക്രിക്കറ്റിൽ വാതുവയ്പ് നടത്തിയെന്നാരോപിച്ച് താരത്തെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. പ്രശസ്തിയുടെ ഉയരങ്ങളിൽ നിന്നും മുഖമടച്ചുള്ള വീഴ്ച. ഇന്നും ആഘാതത്തിൽ നിന്നും ശ്രീയ്ക്കു മോചനം ലഭിച്ചിട്ടില്ല. കോടതി വെറുതെ വിട്ടെങ്കിലും ആ ദിനങ്ങൾ താരത്തെ വേട്ടയാടുന്നു. 

ഇപ്പോൾ ഹിന്ദി റിയാലിറ്റി ഷോ ബിഗ് ബോസിൽ നിന്നുള്ള സംഭവങ്ങളാണ് ശ്രീയെ വീണ്ടും വാർത്തകളിലേക്ക് എത്തിക്കുന്നത്. പരിപാടിയിൽ മത്സരാർഥിയായി എത്തിയതു മുതൽ ശ്രീയുടെ നിലപാടുകളും വാക്കുകളും വിവാദമായിരുന്നു. ഒത്തുകളി വിവാദത്തെത്തുടർന്ന് താൻ അനുഭവിച്ച മാനസികസംഘർഷം തുറന്നു പറയുകയാണ് ബിഗ് ബോസിൽ. 

വാതുവയ്പ് നടത്തിയെന്നാണ് പൊലീസ് തനിക്കെതിരെ കണ്ടെത്തിയ കുറ്റം. അതിനായി പത്തു ലക്ഷം രൂപ താൻ വാങ്ങിയെന്നു അവർ പറയുന്നു. എല്ലാ തെളിവുകളും അവരുെട കയ്യിലുണ്ടെന്നും പറഞ്ഞു. പക്ഷെ താനങ്ങനെ ഒരിക്കലും ചെയ്തിട്ടില്ല. താൻ നിരപരാധിയാണ്.

കേസ് തന്റെ കുടുംബത്തെ ഏറെ സമ്മർദ്ദത്തിലാക്കി. ജീവിതം അവസാനിപ്പിക്കാൻ പോലും ചിന്തിച്ചു. ഇപ്പോൾ എന്റെ മകൾ വിദ്യാലയത്തിൽ പോകുന്നുണ്ട്. മക്കൾ ക്രിക്കറ്റ് താരങ്ങളായാൽ അവരുടെ കളി കാണാൻ പോലും തനിക്കു സ്റ്റേഡിയത്തിൽ കയറാനാകില്ലെന്നു പറഞ്ഞ് ശ്രീ പൊട്ടിക്കരഞ്ഞു. 

സഹമത്സരാർഥികളായ ദീപിക കക്കാറിനോടു ജസ്‌ലീൻ മാതറിനോടുമാണ് ശ്രീ ഇക്കാര്യങ്ങൾ പറയുന്നത്. ഇരുവരും ശ്രീയെ ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്തു. 

കോടതി കുറ്റവിമുക്താനാക്കിയെങ്കിലും ശ്രീശാന്തിനു ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. 2013 ഐപിഎൽ ടൂർണമെന്റിനിടെയാണ് സംഭവം നടക്കുന്നത്.