വയറുവേദനിച്ചിട്ട് ഓടാൻ വയ്യ; സിക്സർ അടിച്ച് ചരിത്രമായി; കയ്യടി

ഇന്ത്യൻ നായകൻ ഹർമൻപ്രീത് കൗർ എന്നു പറഞ്ഞാൽ തന്നെ ഒരു തലയെടുപ്പുണ്ട്. സച്ചിനും സെവാഗും ഇന്ത്യൻ ടീമിന് എങ്ങനെയാണോ അതു പോലെയാണ് ഹർമൻ പ്രീതും സ്മൃതി മന്ദാനയും. വെറ്റിലേറ്ററിലായിരുന്ന ഇന്ത്യൻ വനിതാക്രിക്കറ്റിനെ വാർഡിലേയ്ക്കും ജനഹൃദയത്തിലേയ്ക്കും മാറ്റി കിടത്തുന്നതിൽ ഇവർക്ക് കാര്യമായി പങ്കുണ്ട് താനും. ട്വന്റി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ റെക്കോര്‍ഡ് സെഞ്ച്വറി നേടിയ ഇന്ത്യന്‍ നായിക ഹർമൻപ്രീത് ആണ് ഇപ്പോൾ സംസാരവിഷയം. എട്ട് സിക്‌സും ഏഴ് ബൗണ്ടറിയുമായി 103 റണ്‍സായിരുന്നു ഹര്‍മന്‍ അടിച്ചു കൂട്ടിയത്. ട്വന്റി 20 സെഞ്ച്വറി നേടുന്ന ആദ്യ വനിതാ താരമാണ് ഹർമൻ. 

മത്സരത്തിൽ ബൗളർമാരെ നിലംതൊടാതെ പറത്തിയ ശൗരത്തിനു പിന്നിൽ മറ്റൊരു കാരണമുണ്ട്. കടുത്ത വയറുവേദന മൂലം ഓടാൻ വയ്യത്താതു കൊണ്ടാണ് സിംഗിൾസിനു ശ്രമിക്കാതിരുന്നതെന്ന് ഹർമൻ പറഞ്ഞു.  51 പന്തില്‍ നിന്നാണ് 103 റണ്‍സ്. 'മത്സരത്തിന്റെ തലേന്ന് ചെറുതായി പുറംവേദനയുണ്ടായിരുന്നു. മത്സരദിനം രാവിലെയും ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. മൈതാനത്തെത്തിയപ്പോള്‍ മുതല്‍ വയറുവേദനയുണ്ടായിരുന്നു. ഫിസിയോ വന്ന് മരുന്ന് നല്‍കിയതോടെയാണ് അല്‍പം കുറവുതോന്നിയത്'. ഇന്നിംങ്‌സിന്റെ തുടക്കത്തില്‍ വിക്കറ്റിനിടയില്‍ ഓടുമ്പോള്‍ വയറുവേദന കൂടി വന്നു. വിക്കറ്റുകള്‍ക്കിടയില്‍ ഓടുക എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെ പ്ലാൻ മാറ്റുകയായിരുന്നു. 

സ്ട്രൈക്ക് കൈമാറിയാൽ കൂറ്റനടികൾക്ക് ശ്രമിക്കാമെന്ന് ക്രീസിലുണ്ടായിരുന്ന ജെമിയ റോഡ്രിഗസിനോട് ഹർമൻ പറയുകയും ചെയ്തു. അതുപോലെ ചെയ്യുകയും ചെയ്തു. ഇന്ത്യൻ താരം രോഹിത് ശർമ്മ ഹർമന് അഭിനന്ദനവുമായി രംഗത്തെത്തി. ട്വന്റി20 ലോകകപ്പിന് എന്തൊരു തുടക്കമാണിത്. ട്വന്റി 20 സെഞ്ച്വറി നേടുന്ന ആദ്യ വനിതാ താരമായ ഹര്‍മന്റേത് അവിശ്വസനീയമായ ഇന്നിങ്‌സായിരുന്നു. ഹര്‍മന് സ്‌ട്രൈക്ക് നല്‍കിയും ശാന്തമായും ബാറ്റ് ചെയ്ത ജമീമയേയും അഭിനന്ദിക്കേണ്ടതുണ്ട്. ബൗളര്‍മാര്‍ ഹര്‍മനെ സൂക്ഷിക്കണമെന്നും രോഹിത് പറയുന്നു. സെവാഗിന്റെതായും അഭിനന്ദനമെത്തി. . മനോഹരമായ സെഞ്ച്വറിയായിരുന്നു ഹര്‍മന്റേതെന്നും കരുത്തുറ്റ ഇന്നിങ്‌സെന്നുമായിരുന്നു സെവാഗിന്റെ അഭിനന്ദനം. മുന്‍ ഇന്ത്യന്‍ താരമായ വിവിഎസ് ലക്ഷ്മണ്‍, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ തുടങ്ങി നിരവധി പേരാണ് ഹര്‍മന് അഭിനന്ദവുമായെത്തി. 

കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ആസ്‌ത്രേലിയക്കെതിരെ 171 റണ്‍സും കൗര്‍ നേടിയിരുന്നു. ന്യൂസിലന്റിനെതിരായ പ്രകടനത്തോടെ ട്വന്റി 20യില്‍ സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരമായി ഹര്‍മന്‍പ്രീദ് മാറി. സെഞ്ചുറിയേക്കാള്‍ ടീമിന് ജയിക്കാനാവശ്യമായ റണ്‍സ് നേടിക്കൊടുക്കുകയായിരുന്നു ലക്ഷ്യം. സോഫി ഡിവൈനേയും ബേറ്റ്‌സിനേയും പോലുള്ള ഒന്നാന്തരം ബാറ്റിംങ് താരങ്ങളുള്ള കിവീസിനെതിരെ 150 പോലും ജയിക്കാവുന്ന സ്‌കോറല്ലെന്ന് തിരിച്ചറിവുണ്ടായിരുന്നതായും കൗര്‍ സമ്മതിക്കുന്നു. ഹര്‍മന്‍പ്രീത് പറഞ്ഞതുപോലെ പൊരുതിയ ശേഷമാണ് ന്യൂസിലന്റ് വനിതകള്‍ കീഴടങ്ങിയത്. ബേറ്റ്‌സിന്റേയും(67) കാത്തി മാര്‍ട്ടിന്റേയും(39) ബാറ്റിംങില്‍ അവര്‍ നിശ്ചിത 20 ഓവറില്‍ 9ന് 160 റണ്‍സ് നേടി. വയറുവേദന വകവെയ്ക്കാതെ ഇന്നിംങ്‌സിലെ അവസാന പന്തുവരെ ബാറ്റുവീശിയ ഹര്‍മന്‍പ്രീത് കൗര്‍ തന്നെയാണ് ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ ജയം സമ്മാനിച്ചത്.