ആക്രമണവും പ്രതിരോധവും നേർക്കുനേർ; അനസ് ഇറങ്ങിയേക്കും

ഐഎസ്എല്‍ അഞ്ചാം സീസണില്‍ സ്വന്തം മണ്ണില്‍ ആദ്യജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കരുത്തരായ ഗോവയെ നേരിടും.  ഗോവയുടെ മൂര്‍ച്ചയേറിയ ആക്രമണനിരയും ബ്ലാസ്റ്റേഴ്സിന്റെ കരുത്തുറ്റ പ്രതിരോധനിരയും തമ്മിലുള്ള പോരാട്ടമാകും കൊച്ചിയിലേത്. പ്രതിരോധനിരതാരം അനസ് എടത്തൊടിക കളത്തിലിറങ്ങിയേക്കുമെന്നാണ് സൂചന.

ബെംഗളൂരു എഫ്സിക്കെതിരെ അവസാനനിമിഷങ്ങളില്‍ വഴങ്ങിയ സെല്‍ഫ് ഗോളിലൂടെ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതിന്റെ ആഘാതത്തില്‍ നിന്ന് തിരിച്ചുവരാനുറച്ചാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. തുടര്‍ച്ചയായ നാലുസമനിലകളും പിന്നാലെയുണ്ടായ തോല്‍വിയിലും ടീമും ആരാധകരും ഒരുപോലെ അസ്വസ്ഥരാണ്. ആര്‍ത്തലയ്ക്കുന്ന മഞ്ഞക്കടലിനു മുന്നില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും  ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നില്ല. പ്രതിരോധനിര ശക്തമാണെങ്കിലും മധ്യനിരയും മുന്നേറ്റനിരയും ഇതുവരെ താളം കണ്ടെത്തിയിട്ടില്ല.

താരങ്ങളെ മാറിമാറി പരീക്ഷിച്ച കോച്ച് ഡേവിഡ് ജെയിംസിനും മധ്യനിരയിലും മുന്നേറ്റനിരയിലും ഒത്തിണക്കം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല.  ദേശീയ ടീമിന്റെ പ്രതിരോധക്കോട്ട കാക്കുന്ന അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സ് ജഴ്സിയില്‍ ഐഎസ്എല്ലില്‍ അരങ്ങേറുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. 

മറുവശത്ത് എഡു ബേഡിയയും കോറോയും അണിനിരക്കുന്ന എഫ്സി ഗോവയെ പ്രതിരോധിക്കുക ബ്ലാസ്റ്റേഴ്സിന് എളുപ്പമാകില്ല. ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ഗോവയെ സ്വന്തം തട്ടകത്തില്‍ ആരാധകരുടെ പിന്തുണയോടെ കീഴടക്കാമെന്ന വിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ്.