ഇന്ത്യ–വെസ്റ്റിന്‍ഡീസ് ഏകദിനം നവകേരള നിർമിക്ക്; കൈത്താങ്ങാകാൻ കളിക്കാർ

തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്ട്സ് ഹബ്ബിലെ ഇന്ത്യ–വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരത്തിന്റെ വരുമാനത്തിന്റെ ഒരുഭാഗം പ്രളയദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. സൗജന്യപാസുകള്‍ പരമാവധി ചുരുക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു. കാര്യവട്ടം സ്പോര്‍ട്ട്സ് ഹബ്ബില്‍ മല്‍സരത്തിന്റെ സംഘാടക സമിതി അദ്ദേഹം ഉദ്ഘാടനം ചെയ്തു.

കേരളപ്പിറവി ദിനത്തിലെ ക്രിക്കറ്റ് മല്‍സരത്തിന്റെ വരുമാനത്തിന്റെ ഒരുഭാഗം നവകേരള നിര്‍മിതിക്കും. കാര്യവട്ടം സ്പോര്‍ട്ട്സ് ഹബ്ബില്‍ ചേര്‍ന്ന സംഘാടക സമിതിയിലാണ് തീരുമാനം. കഴിഞ്ഞ നവംബറിലെ ഇന്ത്യ ന്യൂസീലന്‍ഡ് 20 ട്വന്റി മല്‍സരം വന്‍ വിജയമായിരുന്നു. അതിനെക്കാള്‍ പങ്കാളിത്തം ഇന്ത്യ–വെസ്റ്റിന്‍ഡീസ് മല്‍സരത്തിനുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഹരിതപെരുമാറ്റച്ചട്ടം പൂര്‍ണാമായി പാലിക്കും. റേഞ്ച് ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കുക. വി.ഐ.പി ലോഞ്ചിന്റെ ഒരുഭാഗം കളിക്കാരുടെ ഡ്രസിങ് റൂമാക്കി മാറ്റും. പിച്ചിന്റെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്.