കാത്തിരിപ്പവസാനിച്ചു, പിയു ചിത്ര ഇനി പാലക്കാട് റെയിൽവേ ഡിവിഷനിൽ സീനിയർ ക്ലർക്ക്

കായികതാരം പിയു ചിത്രയ്ക്ക് റെയിൽവേയിൽ ജോലി. പാലക്കാട് ഡിവിഷൻ ഓഫിസിൽ സീനിയർ ക്ലർക്കായാണ് നിയമനം. ദേശീയ ഓപ്പൺ അതലറ്റിക് മീറ്റിൽ റെയിൽവേയ്ക്ക് വേണ്ടി ചിത്ര ട്രാക്കിലിറങ്ങും. സംസ്ഥാന സർക്കാർ ചിത്രയ്ക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പായിരുന്നില്ല.

ഏറ്റവും ഒടുവിൽ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേട്ടത്തോടെ നാടിന്റെ അഭിമാനമായ പി.യു.ചിത്ര ഇനി റയിൽവേയുടെ ട്രാക്കിലാണ്. ദക്ഷിണ റയിൽവേ പാലക്കാട് ഡിവിഷനിൽ സീനിയർ ക്ളർക്കായുള്ള നിയമന ഉത്തരവ് ചിത്ര സ്വീകരിച്ചു. റെയിൽവേ ഡിവിഷണൽ മാനേജർ പ്രതാപ് സിംഗ് ഷമി ഉത്തരവ് കൈമാറി. 

അച്ഛൻ ഉണ്ണികൃഷ്ണനും പരിശീലകൻ സിജിനും ചടങ്ങിന് സാക്ഷിയായി. കഴിഞ്ഞവർഷം ഏഷ്യൻ അത്‌ലറ്റിക് ചാപ്യൻഷിപ്പിലെ സ്വർണ നേട്ടത്തിന് പിന്നാലെയാണ് ജോലി നൽകുമെന്ന് സംസ്ഥാന സർക്കാർ ചിത്രയെ അറിയിച്ചത്.  കായിക വകുപ്പിൽ ഉൾപ്പെടെ  സർക്കാരിന്അപേക്ഷ നൽകിയെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല. ഇതിനിടെയാണ് റെയിൽവേ കനിഞ്ഞത്. ഭുവനേശ്വറിൽ തുടങ്ങുന്ന ദേശീയ ഓപ്പൺ അത്‍ലറ്റിക്സിൽ ചിത്ര ഇനി  റെയിൽവേക്ക് വേണ്ടി ട്രാക്കിലിറങ്ങും.