ആദ്യം ആവേശം; പിന്നെ ദേഷ്യം, രോഷം, നിരാശ: ധോണി പുറത്തായപ്പോള്‍ കണ്ടത്: വിഡിയോ

ഏഷ്യാ കപ്പില്‍ ഹോങ്കോംഗിനെതിരെ എം.എസ് ധോണി റൺസൊന്നും എടുക്കാതെ പുറത്തായപ്പോൾ എറെ നിരാശരായിരുന്നു ഇന്ത്യൻ ആരാധകർ. ധോണിയുടെ വെടിക്കെട്ട് ബാറ്റിങും ഹെലികോപ്റ്റര്‍ ഷോട്ടുമെല്ലാം സ്വപ്നം കണ്ടിരുന്ന ഗ്യാലറിയെ നിരാശരാക്കിയായിരുന്നു ധോണി കൂടാരം കയറിയത്. ഇതിനിടയിൽ ഒരു കുഞ്ഞു ധോണി ആരാധകന്റെ നിരാശയുടെ ദൃശ്യങ്ങളാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. ധോണി പുറത്തായപ്പോഴുള്ള കുഞ്ഞ് ആരാധകന്റെ ദേഷ്യവും നിരാശയുമെല്ലാം ക്യാമറയില്‍ പതിഞ്ഞു. 

ആവേശത്തോടെ താരത്തെ വരവേൽക്കുന്ന ആരാധകൻ ധോണി പൂജ്യത്തിൽ മടങ്ങിയതോടെ നിരാശനായി. അടുത്തിരുന്ന അമ്മയോട് ഇതെകുറിച്ച് പറയുകയും സമീപത്തെ കസേരയിൽ സ്വയം തല്ലുകയും ചെയ്തു. ഇൗ ദൃശ്യങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്ത പ്രദർശിപ്പിച്ചതോടെ വലിയ ആരവമാണ് സ്റ്റേഡിയത്തിൽ ഉയർന്നത്. ധോണി പുറത്തായ സങ്കടം ഇൗ ക്രിക്കറ്റ് ആരാധകന്റെ നിരാശയിൽ നിന്നും വ്യക്തം.  ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ ധോണി അടിച്ചുതകര്‍ക്കുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ചായിരുന്നു മുന്‍ നായകന്‍ മടങ്ങിയത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നിരാശാജനകമായ പ്രകടനം മറക്കാന്‍ മികച്ച പ്രകടനം അനിവാര്യമായ ധോണി ഇന്ന് പാക്കിസ്ഥാനെതിരായ എങ്കിലും തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കോഹ്‌ലിയുടെ അഭാവത്തില്‍ ടീമിന്റെ തന്ത്രങ്ങള്‍ മെനയുന്നതിലും ധോണിക്ക് നിര്‍ണായക പങ്കുണ്ടാവും.