പ്രളയത്തെ അതിജീവിച്ചു; കായികമേളയ്ക്ക് ഒരുങ്ങി പുല്ലൂരാംപറയിലെ വിദ്യാർഥികൾ

പ്രളയത്തെ അതിജീവിച്ച കോഴിക്കോട് പുല്ലൂരാംപാറയിലെ കുട്ടികള്‍ സംസ്ഥാന സ്കൂള്‍ കായികമേളക്കായി ഒരുങ്ങുന്നു. ജില്ലാ ജൂനിയര്‍ അത്്ലറ്റിക്സ് മീറ്റില്‍ തുടര്‍ച്ചയായ 14–ാം വര്‍ഷവും ജേതാക്കളായത് ഇവരുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ പരിശീലനത്തെ ബാധിച്ചെങ്കിലും ട്രാക്കില്‍ മികവറിയിക്കാന്‍ കഴിയുെമന്നാണ് വിശ്വാസം.

സംസ്ഥാന സ്കൂള്‍ കായികമേളയുടെ ട്രാക്കുണരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയിലെ ചുണക്കുട്ടികള്‍ക്കു മുന്നില്‍ ലക്ഷ്യം ഒന്നുമാത്രം. ജില്ലയുടെ മെഡല്‍ നേട്ടം ഉയര്‍ത്തുക. റണ്ണറപ്പെന്ന കഴിഞ്ഞവര്‍ഷത്തെ അവസ്ഥ തുടരാന്‍ ഇവര്‍ തയാറല്ല. മികച്ച പ്രകടനം നടത്താമെന്ന ആത്മവിശ്വാസത്തിലാണ് കുട്ടികളും പരിശീലകരും . 

പ്രളയം പുല്ലൂരാംപാറയിലെ പരിശീലനത്തെ സാരമായി ബാധിച്ചിരുന്നു. അക്കാദമിയില്‍ ഹോസ്റ്റലിന്റെ അഭാവമുള്ളതിനാല്‍ പല കുട്ടികള്‍ക്കും പരിശീലനത്തിനെത്താന്‍ സാധിച്ചില്ല. ഒക്ടോബറില്‍ തിരുവനന്തപുരത്തെ ട്രാക്കില്‍ ഇവര്‍ വിസ്മയം തീര്‍ക്കുമോ എന്നറിയാനുള്ള ആകാംഷയിലാണ് കായിക പ്രേമികള്‍.