മൗറീഞ്ഞോയെ പോര്‍ച്ചുഗലിന്റെ പരിശീലകനാക്കാൻ നീക്കം

മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡ് മാനെജ്മെന്റുമായുള്ള കോച്ച് ഹോസെ മൗറീഞ്ഞോയുടെ ബന്ധം മോശമായ സാഹചര്യം മുതലെടുക്കാന്‍ തയാറെടുത്ത് പോര്‍ച്ചുഗല്‍ ദേശിയ ടീം. മൗറീഞ്ഞോയെ ടീമിന്റെ പരിശീലകനാക്കാനാണ് പോര്‍ച്ചുഗലിന്റെ നീക്കം. 

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനെജ്മെന്റ് മൗറീഞ്ഞോയെ പുറത്താക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് പോര്‍ച്ചുഗല്‍ ഫുട്ബോള്‍ കോണ്‍ഫിഡറേഷന്റെ ചരടുവലികള്‍. മാനെജ്മെന്റിനെതിരെ പരസ്യനിലപാട് സ്വീകരിച്ചതിനാല്‍ മൗറീഞ്ഞോയ്ക്ക് ഇനി തുടരാനായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൗറീഞ്ഞോ ആവശ്യപ്പെടുന്ന താരങ്ങളെ സ്വന്തമാക്കാൻ യുണൈറ്റഡ് മാനേജ്മെന്റ് തയ്യാറാവാത്തതാണ് അദ്ദേഹത്തെ ചൊടിപ്പിക്കുന്നത്. പ്രീസീസണ്‍ മല്‍സരങ്ങള്‍ക്കിടെ മൗറീഞ്ഞോ പലവട്ടം മാനെജ്മെന്റിനോട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു. മൗറീഞ്ഞോ ചുമതലയേറ്റ ശേഷം ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ 450 ദശലക്ഷം യൂറോയിലധികം മുടക്കിയിട്ടും കാര്യമായ പ്രതിഫലം കിട്ടിയില്ലെന്നാണ് മാനെജ്മെന്റിന്റെ വിലയിരുത്തല്‍.

 മൗറീഞ്ഞോ ആവശ്യപ്പെടുന്നവരില്‍ ഏറെയും പ്രായമേറിയവരാണെന്നും മാനെജ്മെന്റിന് അഭിപ്രായമുണ്ട്. അവരെയെടുതത്താല്‍ ഭാവിയില്‍ ടീമിന് ബാധ്യതയാവുമെന്ന് യുണൈറ്റഡിന് നന്നായറിയാം. പ്രീ സീസൺ മത്സരങ്ങളിൽ റയൽ മാഡ്രിഡിനെ തോല്‍പ്പിച്ചതൊഴിച്ചാല്‍ നിരാശാജനകമായിരുന്നു യുണൈറ്റഡിന്റെ പ്രകടനം.  പരിശീലകനെ പുറത്താക്കുന്ന പതിവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനില്ലെങ്കിലും വെള്ളിയാഴ്ച ആരംഭിക്കുന്ന പ്രീമിയര്‍ ലീഗിലും ഇതേ പ്രകടനമാണ് തുടരുന്നതെങ്കില്‍ മാറി ചിന്തിക്കാതിരിക്കാന്‍ വഴിയില്ല.