ഇംഗ്ളണ്ട് ടീമിന്റെ പുത്തനുണര്‍വിന്റെ രഹസ്യമെന്ത് ? ഈ വിഡിയോ പറയും

ലോകകപ്പ് ഫുട്ബോളില്‍ സമീപകാലത്തെങ്ങുമില്ലാത്ത ഫോമിലാണ് ഇംഗ്ളണ്ട് ടീം. എല്ലാ ടൂര്‍ണമെന്റുകളിലും അല്‍പായുസില്‍ ഒടുങ്ങാനായിരുന്നു എന്നും ഇംഗ്ളീഷ് പടയുടെ വിധി. എന്നാല്‍ റഷ്യയില്‍ ആരാധകര്‍ കണ്ടത് ഒരു പുതിയ നിരയെ ആണ്. കൃത്യമായ ആസൂത്രണവും ഫിനിഷിങ്ങും ഇവരുടെ മുതല്‍ക്കൂട്ടാണ്. ഹാരി കെയ്ന്‍ – ഡെലെ അലി – ട്രിപ്പിയര്‍ ത്രയം കോരിത്തരിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. 

എന്താണ് ഇംഗ്ളണ്ട് ടീമിന്റെ ഈ മികവിനു കാരണം ?. കോച്ചിന്റെ ബുദ്ധിയോ , പരിശീലനത്തിലെ ആസൂത്രണമോ ?. കായികലോകത്തിന്റെ ഈ ചോദ്യത്തിനു ഉത്തരമായി പുറത്തു വന്നത് ഒരു വിഡിയോ ആണ്. വിഡിയോയില്‍ എന്താണെന്നല്ലേ രസകരം. ഒരു റബര്‍ കോഴിയെ എറിഞ്ഞു കളിക്കുന്ന താരങ്ങളുടെ വിഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. പരിശീലന വേളയില്‍ കളിക്കാര്‍ ഈ റബര്‍ കോഴിയെ എറിഞ്ഞു തകര്‍ക്കുകയാണ്. ഇതിലൂടെ കളിക്കാരുടെ ശാരീരിക–മാനസികാരോഗ്യം വര്‍ധിക്കുമെന്നാണ് ടീം അധികൃതര്‍ പറയുന്നത്. ലോകകപ്പില്‍ ഇതുവരെയുള്ള ടീമിന്റെ ഉണര്‍വിനു കാരണം ഈ നേരമ്പോക്കാണെന്നും പറയുന്നു. എന്തായാലും റബര്‍ ചിക്കന്‍ ഇഫക്ട് ഇന്ന് ക്രൊയേഷ്യയ്ക്കെതിരേയും തുണയ്ക്കുമോ എന്നു കണ്ടറിയണം.