നരച്ച താടിയുമായി ഖത്തറിലും കളിക്കും;തോൽവിയിലും ആവേശമായി റാമോസ്

ആതിഥേയരായ റഷ്യയോട് തോറ്റ് ലോകകപ്പിൽ നിന്ന് മടങ്ങേണ്ടി വന്നതിൻറെ നിരാശയിലാണ് സ്പെയിൻ ആരാധകർ. എന്നാൽ ടീം നായകൻ സെർജിയോ റാമോസിന് നിരാശയല്ല, പ്രതീക്ഷയാണ്. 

വിരമിക്കുമോ എന്ന ചോദ്യത്തിന് റാമോസ് നൽകിയ മറുപടി ഇങ്ങനെ.

''ഈ പുറത്താകൽ 2022 വരെ തുടരാനുള്ള പ്രചോദനമാണ്. വേണ്ടിവന്നാൽ നരച്ച താടിയുമായി ഖത്തറിലും കളിക്കും.'' നിലവിൽ 32 വയസ്സുണ്ട് റാമോസിന്. സഹതാരങ്ങളായ ആന്ദ്രേ  ഇനിയേസ്റ്റയും (34), ജെറാർഡ് പിക്വെയും (31) തോൽവിക്ക് പിന്നാലെ വിരമിച്ചതോടെയാണ് റാമോസിനുനേരെയും ചോദ്യങ്ങളുയർന്നത്. 2010ൽ കിരീടം നേടിയ സ്പെയിൻ ടീമിൻറെ ഭാഗമായിരുന്നു മൂവരും. ഒരുപാട് വേദനയോടെയാണ് റഷ്യയിൽ നിന്ന് മടങ്ങുന്നതെന്നും റാമോസ് പറഞ്ഞു. 

പരിശീലകൻ ഫെർണാണ്ടോ ഹിയ്റോയെ പ്രശംസിക്കാനും റാമോസ് മറന്നില്ല. 

ലോകകപ്പ് കിക്കോഫിന് തൊട്ടുമുൻപ് സ്പാനിഷ് പരിശീലകൻ ജുലൻ ലോപ്ടെജ്യുയിയെ പുറത്താക്കിയത് വിവാദമായിരുന്നു. ദേശീയടീമുമായി കരാറിലെത്തിയതിനെത്തുടർന്നായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് ഹിയ്റോ പരിശീലകസ്ഥാനത്തേക്കെത്തിയത്.