മുതിര്‍ന്നവരെ വെല്ലുന്ന മെയ്‍വഴക്കം; രാജ്യാന്തര കളരി ചാംപ്യന്‍ഷിപ്പിലേക്ക് ഇവർ

സ്പെയിനില്‍ നടക്കുന്ന കുട്ടികളുടെ രാജ്യാന്തര കളരി ചാംപ്യന്‍ഷിപ്പിലേക്ക് തൃശൂരില്‍ നിന്ന് രണ്ടു കുട്ടികള്‍ യോഗ്യത നേടി. കളരിയില്‍ മുതിര്‍ന്നവരെ വെല്ലുന്ന മെയ്‍വഴക്കമാണ്
കുട്ടികള്‍ക്ക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിക്കൊടുത്തത്. 

പ്രോ ലീഗ് ഫിറ്റ് കിഡ് വേള്‍ഡ് ഓപ്പണ്‍ ചാംപ്യന്‍ഷിപ്പാണ് വേദി. സ്പെയിനില്‍ നടക്കുന്ന ഈ ചാംപ്യന്‍ഷിപ്പിലേക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികള്‍ എത്തും. തൃശൂര്‍ പുതുരുത്തി സ്വദേശികളായ വേദികയും വൈഷ്ണവും ഈ മല്‍സരത്തില്‍ പങ്കെടുക്കു. വേദിക അഞ്ചു വയസുകാരിയാണ്. വൈഷ്ണവാകട്ടെ ഒന്‍പതു വയസുകാരനും. ഒറ്റ മിനിറ്റിനുള്ളില്‍ പരമാവധി കായികക്ഷമത തെളിയിക്കുന്നതാണ് മല്‍സരം. കളരിയും യോഗയുമാണ് കുട്ടികളുടെ ഇനം. ചെന്നൈയില്‍ നടന്ന ദേശീയ മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് സ്പെയിനിലേക്ക് ടിക്കറ്റ് കിട്ടിയത്. പുതുരുത്തി ചെമ്മണ്ണൂര്‍ വീട്ടില്‍ വിനോദ്, ജിനി ദമ്പതികളുടെ മക്കളാണിവര്‍. പുതുരുത്തി ഗവണ്‍മെന്റ് യു.പി. സ്കൂളിലെ വിദ്യാര്‍ഥികളാണ് ഇവര്‍. അച്ഛന്‍ വിനോദ് കളരി സംഘം പരിശീലകന്‍ കൂടിയാണ്.

പത്തു വയസിനു താഴെയുള്ള കുട്ടികളാണ് ചാംപ്യന്‍ഷിപ്പില്‍ അണിനിരക്കുന്നത്. സ്പെയിനിലേക്ക് പറക്കുന്ന കുരുന്നുകളെ അഭിനന്ദിക്കാന്‍ പ്രതിദിനം ഒട്ടേറെ പേര്‍ വീട്ടില്‍ എത്തുന്നുണ്ട്.