ട്രക്കുകളിൽ അടുക്കടുക്കായി ശവപ്പെട്ടികൾ; ഉൽപാദനം വർധിപ്പിച്ച് കമ്പനികൾ; ഹൃദയഭേദകം ഈ കാഴ്ച

കോവിഡ് മരണനിരക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് സ്പെയിന്‍. സമ്പൂര്‍ണ ലോക്ഡൗണിലാണ് രാജ്യം. അത്യാവശ്യസര്‍വീസുകളല്ലാതെ മറ്റൊന്നും പ്രവര്‍ത്തിക്കുന്നില്ല. പക്ഷെ തടസമേതുമില്ലാതെ നിര്‍ബാധം പ്രവര്‍ത്തിക്കുന്ന ഒന്നുണ്ട് സ്പെയിനില്‍. ശവപ്പെട്ടികള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍.

മരുന്ന് നിര്‍മാണത്തിനും ഊര്‍ജോല്‍പാദനത്തിലും മുന്‍പന്തിയിലുള്ള രാജ്യമാണ് സ്പെയിന്‍. ആവശ്യകത ഉല്‍പാദന വര്‍ധനക്ക് കാരണമാകും എന്നാണല്ലോ. കോവിഡിന്റെ പശ്ചാത്തലത്തില്‍, സ്പെയിനിലെ ഇപ്പോഴത്തെ ദുരന്തസാഹചര്യത്തില്‍ ശവപ്പെട്ടികളാണ് അവശ്യ വസ്തുക്കളിലൊന്ന്. അതുകൊണ്ട്തന്നെ മറ്റെല്ലാ ഫാക്ടറികളും ലോക്ഡൗണിലായിട്ടും ശവപ്പെട്ടികള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ ഉല്‍പാദനം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകയാണ്.  മുന്‍പ് ദിവസേന ഉണ്ടായിരുന്ന ഉല്‍പാദനത്തേക്കാള്‍ എട്ടും പത്തും മടങ്ങ് വര്‍ദ്ധനയാണ് ഇപ്പോഴുള്ളത്. 

സങ്കടകരമായ വസ്തുത പലപ്പോഴും ഈ ഉല്‍പാദക്ഷമത മതിയാവാതെ വരുന്നു എന്നതാണ്. വലിയ ട്രക്കുകളില്‍ അടുക്കടുക്കായി ഇവ കയറ്റിക്കൊണ്ടുപോകുന്ന കാഴ്ച ഹൃദയഭേദകമാണ്. മരണനിരക്കില്‍ നേരിയ കുറവുവരുന്നുണ്ടെങ്കിലും ആശ്വാസതീരമണയാന്‍ സ്പെയിന്‍ ഇനിയുമേറെ പ്രയത്നിക്കണം.