ശവക്കല്ലറയിൽ നിന്ന് കണ്ടെടുത്തത് 5000 വർഷം പഴക്കമുള്ള 'മാന്ത്രിക' കഠാര..!; അപൂർവം

ചരിത്രാതീത കാലങ്ങളിൽ ഉപയോഗിച്ചിരുന്ന പുരാതന ഉപകരണങ്ങൾ ലോകത്തെ പല ഭാഗങ്ങളിൽ നിന്നായി ഇപ്പോഴും കണ്ടെടുക്കാറുണ്ട്. എന്നാൽ ഇത്രകാലം കണ്ടെടുത്തതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് സ്പെയിനിൽ നിന്ന് കണ്ടെടുത്ത ചില ശിലാവസ്തുക്കള്‍. ശിലായുഗകാലഘട്ടത്തിൽ ഉയോഗിച്ചിരുന്ന മൂർച്ചയേറിയ കഠാരയാണ് പുരാവസ്തു ഗവേഷകർ ശവക്കല്ലറയിൽ നിന്ന് കണ്ടെടുത്തിരിക്കുന്നത്.

5000 വർഷത്തോളം പഴക്കമുള്ള സുതാര്യ കഠാരയ്ക്ക് യ്ക്ക് 8.5 ഇഞ്ച് നീളമുണ്ട്. പുരാവസ്തുക്കളിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് സാങ്കേതികപരമായി മുന്നിട്ടുനിൽക്കുന്ന വസ്തു എന്നാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. നാല് വാളുകളുടേയും പത്ത് അമ്പിന്റെ മുനകളുടേയും കൂട്ടത്തിലാണ് ഈ കഠാരയും കണ്ടെത്തിയത്. ഇതെല്ലാം സ്ഫടിക പാറകൊണ്ടാണ് നിര്‍മിച്ചത്. അക്കാലത്ത് സ്ഫടികം ലഭിച്ചിരുന്ന പ്രദേശങ്ങളില്‍ നിന്നും ഏറെ അകലെയാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സമ്പത്തും അധികാരവും കൈവശമുള്ള ആരോ ഇത് സ്വന്തമാക്കിയിരുന്നുവെന്നാണ് കരുതപ്പെടുന്നത്. 

ഗ്രാനെഡ സര്‍വകലാശാലയിലേയും സെവില്ല സര്‍വകലാശാലയിലേയും സ്പാനിഷ് ഹയര്‍ റിസര്‍ച്ച് കൗണ്‍സിലിലേയും ഗവേഷകര്‍ സംയുക്തമായാണ് തെക്കുപടിഞ്ഞാറന്‍ സ്‌പെയിനില്‍ പുരാവസ്തുഖനനത്തിന് നേതൃത്വം നല്‍കിയത്. 2007 മുതല്‍ 2010 വരെ നടന്ന ഖനനത്തില്‍ ലഭിച്ച വസ്തുക്കളെക്കുറിച്ചുള്ള പഠനം 2015ലായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്.