വിരണ്ടോടിയ കാള യുവാവിനെ കൊമ്പിൽ തൂക്കിയെറിഞ്ഞു; നടുക്കും കാഴ്ച; വിഡിയോ

സ്പെയിനിലെ വലൻസിയയിൽ ഉത്സവത്തിനിടെ വിരണ്ടോടിയ കാള യുവാവിനെ കൊമ്പിൽ തൂക്കിയെറിഞ്ഞു. ഫ്രാൻസിൽ നിന്ന് ഉത്സവം കാണാനെത്തിയ യുവാവാണ് കാളയുടെ ആക്രമണത്തിന് ഇരയായത്. ഇയാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. കേൽപ് നഗരത്തിൽ ഓഗസ്റ്റ് ആറ് മുതൽ 11 വരെ നടക്കുന്ന ‘ബൗസ് അൽ കാറീർ’ ഉത്സവത്തിന്റെ ഇടയിലാണ് സംഭവം.

ഉത്സവത്തിന്റെ ഭാഗമായി ഒരാൾ നീളൻ വടി കൊണ്ട് കാളയെ നിയന്ത്രിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ വിരണ്ട കാള തിരഞ്ഞ് തെരുവിലൂടെ ഓടി. കാഴ്ച്ചക്കാർക്കു സുരക്ഷിതമായി നിൽക്കാൻ തയാറാക്കിയ സ്റ്റാൻഡിന് വെളിയിലാണ് യുവാവ് നിന്നിരുന്നത്. പാഞ്ഞെത്തിയ കാള ഇയാളെ കൊമ്പിൽ തൂക്കി എറിഞ്ഞു.

വായുവിൽ പൊങ്ങി നിലത്തു വീണ യുവാവിന് ഗുരുതരമായ പരുക്കേറ്റു. ഉടനെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലുകൾക്ക് പൊട്ടലില്ലെന്ന് ‍ഡോക്ടർമാർ അറിയിച്ചതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഉത്സവത്തിനിടയിൽ സമാനമായ മറ്റൊരു അപകടവും നടന്നതായി അധികൃതർ അറിയിച്ചു.