പരിശീലകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട താരങ്ങളെ പുറത്താക്കി; പ്രതികാര നടപടി

പരിശീലകനെ പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച സപെയിന്‍ വനിതാ ഫുട്ബോള്‍ ടീമില്‍ നിന്ന് താരങ്ങളെ പുറത്താക്കി പ്രതികാരനടപടി. അടുത്ത മാസം നടക്കാനിരിക്കുന്ന രണ്ടുമല്‍സരങ്ങളില്‍ നിന്നും പ്രധാനതാരങ്ങളെ ഉള്‍പ്പടെ 15 പേരെ ഒഴിവാക്കിയത്.   

അടുത്ത മാസം സ്പെയിനും അമേരിക്കയ്ക്കുമെതിരായ നടക്കുന്ന മല്‍സരങ്ങളില്‍ നിന്നാണ് താരങ്ങളെ ഒഴിവാക്കിയത്. പരിശീലകന്‍ ജോര്‍ജ് വില്‍ഡയെ പുറത്താക്കണമെന്ന ആവശ്യവുമായി  ടീം അംഗങ്ങള്‍ ഏതാനും ദിവസങ്ങള്‍ മുന്‍പാണ് രംഗത്തെത്തിയത്. വില്‍ഡയെ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പതിനഞ്ചു കളിക്കാര്‍ ഫുട്ബോള്‍ അസോസിയേഷന് ഇ മെയില്‍ സന്ദേശവും അയച്ചിരുന്നു. പരിശീലകനെ പുറത്താക്കിയില്ലെങ്കില്‍ മല്‍സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ഇവര്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. വില്‍ഡയുടെ പെരുമാറ്റ രീതിയിലും ടീം സെലക്ഷനിലും കളിക്കാര്‍ അസ്വസ്ഥരാണെന്നായിരുന്നു പരാതി. എന്നാല്‍ പരിശീലകന്‍ തുടരണോ വേണ്ടയോ എന്ന കാര്യം ചോദ്യം ചെയ്യാന്‍ കളിക്കാര്‍ക്ക് അധികാരമില്ലെന്ന നിലപാടിലായിരുന്നു അസോസിയേഷന്‍. വിഷയത്തില്‍  പരിശീലകന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച ഫെഡറേഷന്‍ വനിത താരങ്ങള്‍ തെറ്റുതിരുത്തി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍  താരങ്ങള്‍ പിന്‍മാറാതെ വന്നതോടെ പരാതിയുന്നയിച്ച 15 ടീമംഗങ്ങളെ പുറത്താക്കി പുതിയ ടീം രൂപികരിച്ചിരിക്കുകയാണ്. 

ബാര്‍സലോണയുടെ അറ്റാക്കിംഗ് മി‍‍ഡ്ഫീല്‍ഡറും ലോക മുന്‍നിര താരവുമായ അലക്സിയ പുട്‌ലസും നിലവിലെ ടീമിലില്ല. പരിക്കുമൂലം വിശ്രമത്തിലായിരുന്നു എങ്കിലും അലക്സിയ തന്‍റെ സഹതാരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. താരങ്ങള്‍ തെറ്റ് തിരുത്താന്‍ തയാറാകണമെന്ന നിലപാടിലാണ് ഫുട്ബോള്‍ ഫെഡറേഷന്‍.