ഉദ്ഘാടന മല്‍സരത്തില്‍ റഷ്യക്കെതിരെ കച്ചകെട്ടാൻ ഒരുങ്ങി സൗദി

ഉദ്ഘാടന മല്‍സരത്തില്‍ സൗദിഅറേബ്യയാണ് റഷ്യയുടെ എതിരാളികള്‍ . ഒരു വ്യാഴവട്ടക്കാലത്തെ ഇടവേളയ്ക്ക് ശേഷം ലോകവേദിയിലേക്ക് വീണ്ടുമെത്തുകയാണ് സൗദി അറേബ്യ. സൗഹൃദ മല്‍സരത്തില്‍ ജര്‍മനിക്കെതിരെ മികച്ച കളി പുറത്തെടുത്ത സൗദി എതിരാളികള്‍ കരുതിയിരിക്കണമെന്ന സൂചനയാണ് നല്‍കുന്നത് . 

അഞ്ചാം തവണയാണ് ഫുട്ബോളിന്റെ ലോക മാമാങ്കത്തിലേക്ക് സൗദിയെത്തുന്നത്. 1994ല്‍ ആദ്യമായി വിശ്വമേളയിലെത്തിയ പച്ചപരുന്തുകള്‍ 12ാമനായാണ് പോരാട്ടം അവസാനിച്ചത്. തുടര്‍ച്ചയായി മൂന്ന് ലോകകപ്പുകള്‍ പിന്നീട് കളിച്ചെങ്കിലും സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കാനായില്ല. 94 ല്‍ സ്വന്തം പകുതിയില്‍ നിന്ന് ബെല്‍ജിയത്തിന്റെ പ്രതിരേധത്തേയും മധ്യനിരയേയും കബളിപ്പിച്ച് സഈദ് അല്‍ ഒവൈറാന്‍ നേടിയ ഗോളാണ് സൗദിയുടെ ഏക മേല്‍വിലാസം

റഷ്യയില്‍ അര്‍ജന്റീനിയന്‍ പരിശീലകന്‍ യുവാന്‍ അന്റേണിയോയുടെ പരിശീലന മികവിലെത്തുന്ന സൗദികള്‍ നിസ്സാരക്കാരല്ലയെന്ന് ജര്‍മനിക്കെതിരായുള്ള സൗഹൃദ മല്‍സരത്തില്‍ തെളിയിച്ചു. 33 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നായി 26 ഗോളടിച്ച മുഹമ്മദ് അല്‍ സഹ്ലാവിയാണ് സൗദിയുടെ കുന്തമുന. പ്രതിരോധത്തില്‍ ഉസാമ ഹവ്‌സാവിയും യാസിര്‍ അല്‍ഷഹ്റാനിയും കരുത്ത് പകരുന്‍മ്പോള്‍ മധ്യനിരയില്‍ യഹ്‌യ അല്‍ശഹ്‌രിയാകും കളി മെനയുക. റഷ്യയില്‍ പരുന്തുകള്‍ റാകിപറക്കുമോയെന്ന് കാത്തിരുന്ന് കാണാം