ക്യാപ്റ്റന്‍ ഡികെയ്ക്ക് സല്യൂട്ട്, നൈറ്റ് റൈഡേഴ്സിനെ ഫൈനലിലെത്തിക്കുമോ?

ഐപിഎല്‍ തുടങ്ങിയകാലം മുതല്‍ ദിനേശ് കാര്‍ത്തിക്കുണ്ട്. അഞ്ചു ടീമുകളുടെ ജഴ്സി അണിഞ്ഞു, എന്നാല്‍ രാശി തെളിയാല്‍ കിങ് ഖാന്റെ ടീമിനൊപ്പം ചേരേണ്ടി വന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കിങ്സ് ഇലവന്‍, റോയല്‍ ചലഞ്ചേഴ്സ്,മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ക്കായിട്ടാണ് ‍ഡികെ പിച്ചിലെത്തിയത്. ഇക്കുറി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 7.40 കോടി മുടക്കി ഡികെയെ കിറ്റിലാക്കി നായകന്റെ തൊപ്പിയും വച്ചുകൊടുത്തു. 

ഐപിഎല്ലിന്റെ പതിനൊന്നാം സീസണില്‍ ആറാം ടീമിന്റെ നായകനായി വിക്കറ്റിന് മുന്നിലും പിന്നിലും നിലയുറപ്പിച്ച തമിഴ്നാട്ടുകാരന്‍ ദിനേശ് കാര്‍ത്തിക്കിന് തുടക്കം ശുഭകരമായിരുന്നില്ല. ആദ്യ ഏഴ് മല്‍സരത്തില്‍ അഞ്ചിലും തോറ്റ ടീമിനെ കളിച്ചും കളിപ്പിച്ചും  പ്ലേ ഓഫിലെത്തിച്ചതോടെ ഡികെയുടെ ബ്രാന്‍‌ഡ് വാല്യൂ കൂടി. ലീഗിലെ പതിനാലു മല്‍സരങ്ങളില്‍ എട്ടില്‍ ജയിച്ച് പ്ലേ ഓഫിലേക്ക്. എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തെറിഞ്ഞ് രണ്ടാം ക്വാളിഫയറിന് യോഗ്യരാക്കി. 15മല്‍സരങ്ങളില്‍ നിന്ന് 490റണ്‍സ് സ്കോര്‍ ചെയ്ത കാര്‍ത്തിക്ക് തന്നെയാണ് നൈറ്റ് റൈഡേഴ്സിന്‍റെ ‍ടോപ് സ്കോറര്‍. 

രണ്ട് അര്‍ധസെഞ്ചുറി നേടി. കാര്യങ്ങള്‍ വേഗത്തില്‍ ഉള്‍ക്കൊള്ളാനും മനസിലാക്കാനുമുള്ള കഴിവാണ് ആദ്യ ക്യാപ്റ്റന്‍സിയില്‍ തന്നെ തിളങ്ങാന്‍ സഹായിച്ചത്. സഹകളിക്കാരെ കൈകാര്യം ചെയ്യുന്നതില്‍ ദിനേശ് കാര്‍ത്തിക്ക് മിടുക്കനാണെന്ന് ടീമിന്‍റെ അസിസ്റ്റന്റ് കോച്ച് സൈമണ്‍ കാറ്റിച്ച് പറയുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് അവസാന നിമിഷം പിന്മാറിയതോടെ ടീമിന്റെ ആത്മവിശ്വാസം നഷ്ടമായി, എന്നാല്‍ ഉള്ളവരെ വച്ച് ഒരു ടീമിനെക്കൊണ്ട് എങ്ങനെയൊക്കെ മികവിലേക്ക് എത്തിക്കാമെന്ന് ഡികെ കളിച്ച് തെളിയിച്ചെന്നും കാറ്റിച്ച് പറയുന്നു. 

യുവതാരങ്ങളായ ശുഭ്മന്‍ ഗില്ലിനെയും ശിവം മവിയെയും ഡികെ കൈകാര്യം ചെയ്ത് രീതി മികച്ചതാണെന്നും വിക്കറ്റിന് മുന്നില്‍ പിന്നിലും മാസ്റ്റര്‍ ആയി തിളങ്ങിയെന്നും സുനില്‍ ഗാവസ്കര്‍ വിലയിരുത്തി. ഈ വിലയിരുത്തലുകളോടുള്ള ഡികെയുടെ പ്രതികരണവും ശ്രദ്ധേയമായി. ക്യാപ്റ്റന്‍ ആയപ്പോള്‍ മറ്റ് കളിക്കാര്‍ എങ്ങനെ കളിക്കും അവരുടെ ചിന്തകള്‍ എന്തെല്ലാം ആയിരിക്കും അതുകൂടി ചിന്തിക്കേണ്ടി വന്നു. ക്യാപ്റ്റന്‍സി ഇല്ലായിരുന്നെങ്കില്‍ സ്വന്തം പ്രകടനം നോക്കിയാല്‍ മതിയായിരുന്നു. ക്യാപ്റ്റനായതോടെ മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കേണ്ടി വന്നെന്ന് കാര്‍ത്തിക് പറയുന്നു. 

ശുഭ്മന്‍ ഗില്‍ 12 മല്‍സരങ്ങളില്‍ നിന്ന് 173 റണ്‍സും ശിവം മവി എട്ടു മല്‍സരങ്ങളില്‍ നിന്ന് നാലു വിക്കറ്റും വീഴ്ത്തി. 15 മല്‍സരങ്ങളില്‍ നിന്ന് 16വിക്കറ്റെടുത്ത സുനില്‍ നാരായനും 15 മല്‍സരങ്ങളില്‍ നിന്ന് 15വിക്കറ്റെടുത്ത കുല്‍ദീപ് യാദവും ആണ് ഡികെയുടെ പോരാട്ടത്തിന് കരുത്ത് നല്‍കിയത്. എലിമിനേറ്ററില്‍ ഡികെ നേടിയ 52റണ്‍സ് ടീമിന്റെ ആകെ സ്കോറില്‍ നിര്‍ണായകമായി. കളിക്കാരെ വിനിയോഗിക്കുന്നതില്‍ കാണിക്കുന്ന മികവും സമ്മര്‍ദമില്ലാതെ കളിക്കുന്നതും ടീമിന് പ്രചോദനമായെന്ന് യുവതാരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. പിഴവുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് അടുത്ത മല്‍സരത്തിന് ആത്മവിശ്വാസം നല്‍കി കളത്തിലിറക്കുന്ന ഡികെയുടെ ക്യാപ്റ്റന്‍സിയെപ്പറ്റി സഹതാരങ്ങള്‍ക്കും ഒന്നേ പറയാനുള്ളൂ ‘ഡികെ സൂപ്പറാ’. ഇനി കാണേണ്ടത് ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടാന്‍ ഈ 32കാരന്‍ പടനയിച്ചെത്തുമോ എന്നാണ്.