കളിക്കാനാകാത്തതിന്റെ കാരണം അതായിരുന്നു; വേദനിക്കുന്ന ചിത്രമായി ഗംഭീർ

ഐപിഎൽ 2018 ലെ വേദനിക്കുന്ന ചിത്രമാണ് ഡൽഹി ഡെയർ ഡെവിൾസ് താരം ഗൗതം ഗംഭീർ. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ താരത്തിനു കീഴിൽ ടീം തുടർപരാജയങ്ങളും ഏറ്റുവാങ്ങി. ഇതോടെ വിമർശനങ്ങളുടെ കൂരമ്പുകൾ പെയ്തിറങ്ങി. പഴിചാരലുകളിൽ സഹികെട്ട് ഒടുവിൽ ഗംഭീർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. 

നായക ജോലിക്കുള്ള മികവു തനിക്കില്ലെന്നു പ്രഖ്യാപിച്ചായിരുന്നു പിൻവാങ്ങൽ. കൂടാതെ ഐപിഎൽ പ്രതിഫലത്തുകയായ 2.8 കോടി രൂപയും സ്വീകരിക്കില്ലെന്നു പറഞ്ഞു. മോശം പ്രകടനത്തിന്റെ പേരിൽ ഐപിഎല്ലിന്റെ ചരിത്രത്തിൽ തന്നെ പ്രതിഫലം ഒഴിവാക്കുന്ന ആദ്യ നായകനായ ഗംഭീർ ഈ സീസണിലെ തുടർന്നുള്ള മൽസരങ്ങളിൽ ഡൽഹിക്കു വേണ്ടി സൗജന്യമായി കളിക്കുമെന്നും പ്രഖ്യാപിച്ചു. പണമൊഴുകുന്ന ഐപിഎല്ലിൽ താരങ്ങൾ നേരിടുന്ന സമ്മർദത്തിന്റെ കൂടി നേർസാക്ഷ്യമായി, ഒരുകാലത്ത് ഇന്ത്യൻ നായകസ്ഥാനം നോട്ടമിട്ടിരുന്ന ഗംഭീറിന്റെ രാജി. 

എന്നാൽ തുടർന്നുള്ള ഡൽഹിയുടെ മത്സരങ്ങളിൽ ഗംഭിറിനെ ടീം പരിഗണിച്ചില്ല. ടീം തന്നെ തഴയുകയായിരുന്നെന്നു ഗംഭീർ പറഞ്ഞു. ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറിയ ശേഷം എന്തുകൊണ്ടാണ് താങ്കൾ കളിക്കാതിരുന്നതെന്നു നിരവധി പേർ ചോദിച്ചിരുന്നു. ടീം തന്നെ പരിഗണിക്കാതിരുന്നതു കൊണ്ടാണ് കളിക്കാതിരുന്നതെന്നു താരം പറഞ്ഞു. പരിഗണിച്ചിരുന്നെങ്കിൽ തീർച്ചയായും കളിക്കുമായിരുന്നെന്നും ഗംഭീർ പറഞ്ഞു.

അതേസമയം, ഗംഭീർ നായകസ്ഥാനത്തു നിന്നും മാറിയിട്ടും ഡൽഹിയ്ക്കു ശനിദശ തന്നെയായിരുന്നു. ലീഗിൽ ഏറ്റവും അവസാനക്കാരായി ഡൽഹി മാറി.