പിറക്കാനിരുന്ന കുഞ്ഞിനെപ്പോലും നഷ്ടമായി, ഹൃദയം തകർന്ന് വാർണറും ഭാര്യയും

കളിക്കളത്തിലെ ദുരനുഭവങ്ങളും വിവാദങ്ങളും പലപ്പോഴും താരങ്ങളുടെ സ്വകാര്യ ജീവിതത്തേയും ബാധിക്കാറുണ്ട്. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെട്ട പന്ത് ചുരണ്ടൽ വിവാദത്തിന്റെ ഞെട്ടലിൽ നിന്നും കായികലോകം ഇനിയും മുക്തരായിട്ടില്ല. ടീം ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ, ബാൻക്രോഫ്റ്റ് എന്നിവരാണ് വിവാദത്തെത്തുടർന്ന് അച്ചടക്കനടപടി നേരിടുന്നത്. 

കളത്തിനകത്തെ ആ തെറ്റിനു ഇത്ര കടുത്ത നടപടി നേരിടേണ്ടി വരുമെന്നു ഇവർ കരുതിയിരിക്കില്ല. കരിയറിനെ മാത്രമല്ല, കുടുംബജീവിതത്തെക്കൂടി ബാധിച്ചിരിക്കുകയാണ് വിവാദം. ഡേവിഡ് വാർണറുടെ ഭാര്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറെക്കാലമായി താനും വാർണറും മൂന്നാമതൊരു കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു. വിവാദങ്ങൾ നടക്കുന്ന കേപ്ടൗൺ ടെസ്റ്റിനു മുൻപാണ് താൻ ഗർഭണിയാകുന്നത്. താനും വാർണറും മൂന്നു വയസുള്ള ഐവിയും രണ്ടു വയസുള്ള ഇൻഡിറേയും സന്തോഷത്തിന്റെ കൊടുമുടിയിലെത്തിയ ദിനങ്ങൾ. പുതിയ അംഗത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പായിരുന്നു പിന്നീട്. എന്നാൽ അപ്രതീക്ഷിതമായായിരുന്നു പന്ത് ചുരണ്ടൽ വിവാദം അരങ്ങേറുന്നത്. 

ലോകം മുഴുവനും ഓസ്ട്രേലിയൻ താരങ്ങളെ പഴി ചാരിയ ദിനങ്ങൾ. ഈ ദിവസങ്ങളിൽ താൻ അനുഭവിച്ച സംഘർഷം പറഞ്ഞറിയിക്കാൻ വയ്യ. ഭർത്താവ് ഉൾപ്പെട്ട വിവാദം തന്നെ ശാരീരികമായും മാനസികമായും ഏറെ തളർത്തി. കുറ്റം ഏറ്റുപറഞ്ഞ വാർണറുടെ കണ്ണീർ വീണ പത്രസമ്മേളനത്തിനു ഒരാഴ്ചയ്ക്കു ശേഷമായിരുന്നു ആ ദുരന്തം നേരിടേണ്ടി വന്നത്. അബോർഷൻ അനിവാര്യമായി. ഏറെ ദുഖത്തോടെയാണ് അത് ചെയ്തതെന്ന് കരളലിയിക്കുന്ന ദുഃഖത്തോടെ കാൻഡിസ് പറഞ്ഞു. കുളിമുറിയിൽ വച്ച് ബ്ളീഡിങ്ങുണ്ടായി. ഉടൻ വാർണറെ വിളിച്ച്. ആ കുഞ്ഞ് തങ്ങൾക്കു നഷ്ടപ്പെടുമെന്നു ആ നിമിഷം മനസിലായി. ദുഃഖം താങ്ങാനാകാതെ ഞങ്ങൾ പരസ്പരം ആലിംഗനം ചെയ്ത് പൊട്ടിക്കഞ്ഞു. ഓസ്ട്രേലിയൻ വുമൺസ് വീക്ക്‌ലി മാഗസിനു നൽകിയ അഭിമുഖത്തിലാണ് കാൻഡിസ് ഇക്കാര്യങ്ങൾ പറഞ്ഞത്.