എവറസ്റ്റിന് മുകളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പതാക പാറും; ബൂട്ടിയയുടെ സ്വപ്നം

ലോകം കീഴടക്കണമെന്നാണ് ഡാർജിലിങ് സ്വദേശിയായ വാങ്ഡി ഗ്യാൽറ്റോ ബൂട്ടിയയുടെ സ്വപ്നം. ആ സ്വപ്നത്തിൽ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടുള്ള ആരാധന പ്രകടിപ്പിക്കണം എന്നുകൂടിയുണ്ട് വാങ്ഡിക്ക്. 

വെസ്റ്റ് ബംഗാളിലെ ഡാർജിലിങ്ങിൽ നിന്നുള്ള പർവതാരോഹകനാണ് വാങ്ഡി. 2014ലും 17ലുമായി രണ്ടുതവണ ബൂട്ടിയ എവറസ്റ്റ് കീഴടക്കിയിട്ടുണ്ട്. മൂന്നാം വട്ടം എവറസ്റ്റ് കയറാനൊരുങ്ങുന്ന ബൂട്ടിയക്ക് ഒരു സ്വപ്നമുണ്ട്. ഇത്തവണ ഐപിഎല്ലിലെ ഇഷ്ടടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പതാകയും ബൂട്ടിയ ഒപ്പം കൊണ്ടുപോകുന്നുണ്ട്. എവറസ്റ്റിന് മുകളിൽ കൊൽക്കത്ത പതാക പാറിപ്പറക്കുന്നത് കാണണമെന്നാണ് ബൂട്ടിയയുടെ ആഗ്രഹം. 

''ഐപിഎൽ തുടങ്ങിയപ്പോൾ മുതല്‍ കൊൽക്കത്ത ആരാധകനാണ് ഞാൻ. ഇത്തവണ സീസണിനിടയില്‍ എന്റെ യാത്രയും യാദൃശ്ചികമായി വന്നു. ഇതിലും നല്ലൊരവസരം ഇനി ലഭിക്കില്ല'', നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാംപിൽ നിന്ന് വാങ്ഡി പറയുന്നു.

വാങ്ഡിയുടെ ആഗ്രഹത്തിൽ സന്തോഷം പ്രകടിപ്പിച്ച കൊൽക്കത്ത ടീം അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നതായി അറിയിച്ചു. മെയ് 22നോ 23നോ എവറസ്റ്റ് കൊടുമുടിയുടെ മുകളിൽ എത്തുമെന്നാണ് ബൂട്ടിയയുടെ കണക്കുകൂട്ടൽ. 

ശനിയാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് പ്ലേ ഓഫിന് മുൻപുള്ള കൊൽക്കത്തയുടെ അവസാന മത്സരം. 14 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കൊൽക്കത്ത.