കമ്മിന്‍സിന്റെ പോരാട്ടം വിഫലം; ചെന്നൈയ്ക്ക് 18 റൺസ് ജയം

പൊരുതിക്കളിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 18 റണ്‍സിന് തോല്‍പ്പിച്ച്  ചെന്നൈ സൂപ്പര്‍ കിങ്സ്.  221 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത  202 റണ്‍സിന് പുറത്തായി.  31 റണ്‍സെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടമായ ശേഷമായിരുന്നു കൊല്‍ക്കത്തയുടെ തിരിച്ചടി. 

പവര്‍പ്ലേ അവസാനിച്ചപ്പോള്‍ ആധികാരിക ജയം സ്വപ്നം കണ്ട് തുടങ്ങിയ  ചെന്നൈ സൂപ്പര്‍ കിങ്സ് 20ാം ഓവറില്‍ തലനാരിഴയ്ക്ക് ജയിച്ചുകയറി.  221 റണ്‍സ് വിജയലക്ഷ്യം മുന്നില്‍നി‍ല്‍ക്കെ പവര്‍പ്ലേയില്‍ തന്നെ കൊല്‍ക്കത്തയുടെ അഞ്ചു മുന്‍നിര ബാറ്റ്സ്മാന്‍മാരും രണ്ടക്കം കടക്കാതെ കളംവിട്ടു. നാലുവിക്കറ്റും  വീഴ്ത്തിയത് ദീപക് ചഹര്‍. കൊല്‍ക്കത്ത 31ന് 5. ചെന്നൈയും അനായസ ജയവും കൊല്‍ക്കത്ത തോല്‍വിയും ഉറപ്പിച്ചനേരം ക്രീസില്‍ ഒന്നിച്ചത് ആന്ദ്രേ റസലും ദിനേശ് കാര്‍ത്തിക്കും. 22 പന്തില്‍ 54 റണ്‍സെടുത്ത് റസല്‍ വീണു.  40 റണ്‍സെടുത്ത് കാര്‍ത്തിക്കും. 

പിന്നെ വാങ്കഡെയില്‍ കണ്ടത് പാറ്റ് കമ്മിന്‍സിന്റെ ഒറ്റയാന്‍ പോരാട്ടം. 15ാം ഓവറില്‍ നാല് സിക്സര്‍ അടക്കം കമ്മിന്‍സ് നേടിയത് 30 റണ്‍സ്. 34  പന്തില്‍  66 റണ്‍സുമായി കമ്മിന്‍സ് പുറത്താകെ നിന്നെങ്കിലും അവസാന ഓവറില്‍ കൊല്‍ക്കത്ത ഓള്‍ ഔട്ടായി. വിജയത്തിന് 18 റണ്‍സ് അകലെ.

ചെന്നൈ പഴയ ചെന്നൈയായതാണ് വങ്കഡെയില്‍ കണ്ടത്. ഓപ്പണിങ്ങില്‍ സെഞ്ചുറി കൂട്ടുകെട്ട്. 60 പന്തില്‍ 95 റണ്‍സുമായി ഡുപ്ലിസിസ്. ക്യാച്ചുകള്‍ കൈവിട്ട് കൊല്‍ക്കത്ത ഫീല്‍ഡില്‍ പൂര്‍ണപരാജയമായി. അവസാന അഞ്ചോവറില്‍ നിന്ന് ചെന്നൈ നേടിയത് 76 റണ്‍സ്.