ചെന്നൈയ്ക്ക് മൂന്നാം തോല്‍വി; പഞ്ചാബിനോട് 54 റൺസിന് പരാജയപ്പെട്ടു

ഐപിഎൽ 15–ാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ സമാനതകളില്ലാത്ത തകർച്ചയിലേക്കു തള്ളിവിട്ട് പഞ്ചാബ് കിങ്സിന് തകർപ്പൻ ജയം. 54 റൺസിനാണ് പഞ്ചാബ് കിങ്സ് ചെന്നൈയെ തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 180 റൺസ്. ചെന്നൈയുടെ മറുപടി 12 പന്തുകൾ ബാക്കിനിൽക്കെ 126 റണ്‍സിൽ അവസാനിച്ചു. ഈ സീസണിൽ കളിച്ച മൂന്നാമത്തെ കളിയിൽ ചെന്നൈയുടെ മൂന്നാം തോൽവിയാണിത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ലക്നൗ സൂപ്പർ ജയന്റ്സ് എന്നീ ടീമുകളോടാണ് ചെന്നൈ ഇതുവരെ തോറ്റത്. മറുവശത്ത് മൂന്നു കളികളിൽനിന്ന് പഞ്ചാബിന്റെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോൽപ്പിച്ച പഞ്ചാബ്, രണ്ടാം മത്സരത്തിൽ കൊൽക്കത്തയോടു തോറ്റിരുന്നു.

181 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് അൽപമെങ്കിലും പ്രതീക്ഷ നൽകിയത് അർധസെഞ്ചുറി നേടിയ ശിവം ദുബെ മാത്രമാണ്. കൂട്ടത്തകർച്ചയ്ക്കിടയിലും തകർത്തടിച്ചു മുന്നേറിയ ദുബെ 30 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതം 57 റൺസെടുത്തു. ഒരു ഘട്ടത്തിൽ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 36 റൺസെന്ന നിലയിൽ തകർന്ന ശേഷമായിരുന്നു ദുബെയുടെ കടന്നാക്രമണം. ആറാം വിക്കറ്റിൽ മഹേന്ദ്രസിങ് ധോണിക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടു തീർക്കാനും ദുബെയ്ക്കായി. 44 പന്തിൽനിന്ന് ഇരുവരും കൂട്ടിച്ചേർത്തത് 62 റൺസ്.

ധോണി 28 പന്തിൽ ഓരോ ഫോറും സിക്സും സഹിതം 23 റൺസെടുത്ത് പുറത്തായി. ഇവർക്കു പുറമേ ചെന്നൈ നിരയിൽ രണ്ടക്കം കണ്ടത് 10 പന്തിൽ 13 റൺസെടുത്ത ഓപ്പണർ റോബിൻ ഉത്തപ്പ, 21 പന്തിൽ 13 റൺസെടുത്ത അമ്പാട്ടി റായുഡു എന്നിവർ മാത്രം. ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് (1) ഒരിക്കൽക്കൂടി പരാജയമായി. മൊയീൻ അലി (0), ക്യാപ്റ്റൻ രവീന്ദ്ര ജഡേജ (0), ഡ്വെയ്ൻ ബ്രാവോ (0), ഡ്വെയ്ൻ പ്രിട്ടോറിയസ് (8), ക്രിസ് ജോർദാൻ (5) എന്നിവരും നിരാശപ്പെടുത്തി.

പഞ്ചാബിനായി രാഹുൽ ചാഹർ നാല് ഓവറിൽ 25 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റ താരം വൈഭവ് അറോറയുടെ പ്രകടനം ശ്രദ്ധേയമായി. ബാറ്റുകൊണ്ട് തിളങ്ങിയ ലിയാം ലിവിങ്സ്റ്റൺ മൂന്ന് ഓവറിൽ 25 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. കഗീസോ റബാദ, അർഷ്ദീപ് സിങ്, ഒഡീൻ സ്മിത്ത് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

നേരത്തെ, തകർത്തടിച്ച് പവർപ്ലേ ഓവറുകളിൽ ഈ സീസണിലെ ഉയർന്ന രണ്ടാമത്തെ സ്കോർ കുറിച്ച പഞ്ചാബ് കിങ്സിനെ, അവസാന ഓവറുകളിലെ അച്ചടക്കമുള്ള ബോളിങ്ങിലൂടെ പിടിച്ചുകെട്ടിയാണ് ചെന്നൈ സൂപ്പർ കിങ്സ് അവരെ 180 റൺസിൽ ഒതുക്കിയത്. ആദ്യ ആറ് ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 72 റൺസെടുത്ത പഞ്ചാബിന് പിന്നീട് അതേ മികവു തുടരാനാകാതെ പോയത് ചെന്നൈയ്ക്ക് നേട്ടമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 180 റൺസെടുത്തത്.