റസലിനും കൊൽക്കത്തയെ രക്ഷിക്കാനായില്ല; ബാംഗ്ലൂരിന് മൂന്നാംജയം

ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് തുടര്‍ച്ചയായ മൂന്നാംജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 38 റണ്‍സിന് തോല്‍പിച്ചു. 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ പോരാട്ടം 8 വിക്കറ്റിന് 166 റണ്‍സില്‍ അവസാനിച്ചു. 20 പന്തില്‍ 31 റണ്‍സെടുത്ത ആന്ദ്രെ റസല്‍ ഒരുഘട്ടത്തില്‍ വിജയപ്രതീക്ഷ നല്‍കിയെങ്കിലും നൈറ്റ് റൈഡേഴ്സിനെ വിജയത്തിലെത്തിക്കാനായില്ല. 

ബാംഗ്ലൂരിനായി കൈല്‍ ജേമീസന്‍ മൂന്ന് വിക്കറ്റ് എടുത്തു. ആദ്യംബാറ്റുചെയ്ത ബാംഗ്ലൂര്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തു. ഗ്ലെന്‍ മാക്സ്‌വെല്ലിന്റേയും ഡി വില്ലിയേഴ്സിന്റേയും അര്‍ധസെഞ്ചുറിയാണ് ടീമിനെ മികച്ച സ്കോറിെലത്തിച്ചത്. വരുണ്‍ ചക്രവര്‍ത്തിയെറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടമായ ടീമിനെ മാക്സ് വെല്‍–ദേവദത്ത് സഖ്യമാണ് മല്‍സരത്തിലേക്ക് തിരിച്ചെത്തിച്ചത്. മാക്സ് ‌വെല്‍ 49 പന്തില്‍ 78 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡി വില്ലിയേഴ്്സ് സ്കോര്‍ 200 കടത്തി. 34 പന്തില്‍ 76 റണ്‍സാണ് ഡി വില്ലിയേഴ്സിന്റെ സമ്പാദ്യം. ക്യാപ്റ്റന്‍ കോലി 5 റണ്‍സെടുത്ത് പുറത്തായി.