'കാർത്തിക്കിനെ ലോകകപ്പ് ടീമിലെടുക്കണം; പറ്റില്ലെങ്കിൽ രോഹിത്തും ദ്രാവിഡും രാജിവയ്ക്കൂ'

ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ബാംഗ്ലൂർ മധ്യനിര താരം ദിനേഷ് കാര്‍ത്തിക് ആണ് ഇപ്പോൾ ഐപിഎല്ലിലെ താരവും വാർത്തകളിൽ നിറയുന്നതും. വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യന്‍ ടീമിന്റെ ഫിനിഷര്‍ റോളിലോട്ട് ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധ്യതയുള്ള താരം കൂടിയാണ് ഇപ്പോൾ ദിനേശ് കാർത്തിക്. അതിനുള്ള പ്രകടനങ്ങൾ കാർത്തിക് നിലവിൽ നടത്തിക്കഴിഞ്ഞു.

ഐപിഎല്ലിൽ ഡെത്ത് ഓവറുകളില്‍ അവിശ്വസനീയമാം വിധം തകർത്തടിക്കുന്ന ദിനേഷ് കാർത്തികിന് പ്രശംസയുമായി ക്രിക്കറ്റ് വിദഗ്ധരും ആരാധകരും എത്തിക്കൊണ്ടിരിക്കുകയാണ്. ഹൈദരാബാദിനെതിരായ മത്സരത്തിൽ, ബാംഗ്ലൂര്‍ 18.2 ഓവറിൽ 159–3 എന്ന സ്കോറിൽ നിൽക്കെ ബാറ്റിങ്ങിന് ഇറങ്ങിയ കാർത്തിക്, പിന്നീടുള്ള 8 പന്തിൽ പുറത്താകാതെ അടിച്ചെടുത്തത് 30 റൺസാണ്. നാലു സിക്സറുകളും ഒരു ഫോറുമാണു കാർത്തികിന്റെ ബാറ്റിൽനിന്നു പിറന്നത്.

ഐപിഎല്ലിൽ അടിച്ചുകസറുന്ന ദിനേഷ് കാർത്തിക് ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഫിനിഷറുടെ റോളിൽ ഉണ്ടാകുമെന്നാണ് ആരാധകരുടെയും നിരൂപകരുടെയും പ്രതീക്ഷ. ഹൈദരാബാദിനെതിരായ മത്സരത്തിലെ കാർത്തികിന്റെ ഇന്നിങ്സിനു പിന്നാലെ മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ, ‘10 ബോൾ മാത്രം ബാക്കിയുള്ളപ്പോൾ ബാറ്റിങ്ങിനെത്തും. ഇന്നിങ്സിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന പ്രകടനം കാഴ്ചവയ്ക്കും. ചിരിക്കും, പോകും. ഇങ്ങനെയാണു ഡികെയുടെ കാര്യങ്ങള്‍.’

ദിനേഷ് കാർത്തികിനെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിശ്ചയമായും ഉൾപ്പെടുത്തണമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൾ വോണും ട്വിറ്ററിൽ കുറിച്ചു. കാർത്തികിനെ ഇന്ത്യൻ‌ ട്വന്റി20 ടീമിൽ എടുത്തില്ലെങ്കിൽ രോഹിത്തും ദ്രാവിഡും സ്വമേധയാ രാജിവയ്ക്കണമെന്ന് ഒരു ആരാധകൻ ട്വീറ്റ് ചെയ്തപ്പോൾ മറ്റൊരാളുടെ ട്വീറ്റ് ഇങ്ങനെ, ‘ഓസ്ട്രേലിയയിലേക്കുള്ള വിമാനത്തിൽ ഡികെയ്ക്ക് ടിക്കറ്റ് വേണ്ട. അദ്ദേഹമാണു പൈലറ്റ്!’ 

പന്ത്രണ്ട് മത്സരങ്ങളിൽ  നിന്നും 274 റൺസാണ് കാർത്തിക് ഈ സീസണിൽ അടിച്ചെടുത്തത്. ഡെത്ത് ഓവറുകളിൽ ബാറ്റിങ്ങിനെത്തി വളരെ കുറഞ്ഞ സമയംകൊണ്ടുതന്നെ സ്കോറിങ് ഉയർത്തുന്ന ബാറ്റിങ് ശൈലിതന്നെയാണ് ഈ വെറ്ററൻ താരത്തിന്റെ ഏറ്റവും വലിയ സവിശേഷതയും.