നെഹ്റ കഠിനമായി പണിയെടുപ്പിച്ച് നേടിത്തന്ന കപ്പെന്ന് ഹാർദിക്; പച്ചക്കള്ളമെന്നു നെഹ്റയും

പ്രഥമ സീസണിൽത്തന്നെ ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎൽ കിരീടത്തിലേക്കു നയിച്ച ഹാർദിക് പാണ്ഡ്യയുടെ നേതൃപാടവത്തിനു ക്രിക്കറ്റ് ലോകത്തിന്റെ കയ്യടികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുറത്തിനേറ്റ പരുക്കിനെ തുടർന്ന് കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമായ ഹാർദിക്, ഈ ഐപിഎൽ സീസണിലെ ഉജ്വല ഓൾറൗണ്ട് പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിലേക്കും മടങ്ങിയെത്തിയിരിക്കുകയാണ്. പ്രകടനം കൊണ്ട് വിമർശകരുടെ വായടപ്പിക്കുവാനും ഹാർദിക് പാണ്ഡ്യക്ക് സാധിച്ചു. 

ഇപ്പോഴിതാ ഗുജറാത്ത് ടൈറ്റൻസ് കിരീടം നേടിയതിൽ നിർണായകമായത് കോച്ച് ആശിഷ് നെഹ്റയുടെ ‘കഠിനമായ’ പരിശീലന മുറകളാണെന്നു തമാശരൂപേണ തുറന്നു പറഞ്ഞിരിക്കുകയാണ് ഹാർദിക് പാണ്ഡ്യ. ചാംപ്യൻഷിപ് നേട്ടത്തിനു ശേഷം ഐപിഎൽ ഔദ്യോഗിക വെബ്സൈറ്റിനായി ആശിഷ് നെഹ്റയെ അഭിമുഖം ചെയ്യുന്നതിനിടെയാണു ഹാർദികിന്റെ പ്രതികരണം.

‘ആദ്യത്തെ വർഷംതന്നെ നമ്മൾ ഒരു സിക്സ് അടിച്ചിരിക്കുകയാണ്. ഐപിഎൽ കിരീടം നമ്മൾ നേടിയെടുത്തിരിക്കുന്നു. അഭിമാനിക്കാൻ ഇതിൽപരം എന്താണുള്ളത്? നമ്മുടെ ബാറ്റിങ്ങും ബോളിങ്ങും അത്ര കരുത്തുറ്റതല്ലെന്നാണ് ആളുകൾ പറയുന്നത്. പക്ഷേ, നാം കപ്പു നേടിയ സ്ഥിതിക്ക് ഇനി കുഴപ്പമൊന്നും ഉണ്ടാകില്ലല്ലോ’– ഐപിഎൽ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ച വിഡിയോയിൽ ഹാർദിക് പറയുന്നു.

‘പരിശീലനത്തിന് ഏറ്റവും അധികം പ്രാധാന്യം നൽകുന്ന ആളാണു നെഹ്റ. സാധാരണഗതിയിൽ എല്ലാവരും ബാറ്റു ചെയ്തു കഴിഞ്ഞാൽപ്പിന്നെ പരിശീലനം അവസാനിപ്പിക്കുന്നതാണു മറ്റുള്ളവരുടെയൊക്കെ പ്രവണത. പക്ഷേ, നെഹ്റയുടെ കാര്യമെടുത്താൽ 20 മിനിറ്റ് അവശേഷിക്കുന്നുണ്ടെങ്കിൽ അദ്ദേഹം ടീമിലെ താരങ്ങളോടു വീണ്ടും ബാറ്റുചെയ്യാൻ പറയും. ടൂർ‌ണമെന്റിലെ ഞങ്ങളുടെ പ്രകടനത്തിൽ നെഹ്റയ്ക്കു വളരെ വലിയ പങ്കുണ്ട്. കാരണം എല്ലാവരെയും കൂടുതൽ അഭിനിവേശത്തോടെ കഠിനാധ്വാനം ചെയ്യിക്കാൻ അദ്ദേഹത്തിനു സാധിച്ചു.

ഒന്നുകിൽ പന്തു നന്നായി മിഡിൽ ചെയ്യും അല്ലെങ്കിൽ മികച്ച ലൈനിലും ലെങ്തിലും പന്തെറിയും എന്നാണു ടീമിലെ എല്ലാ താരങ്ങളും പറയാറുള്ളത്’ – ഹാർദിക് പറഞ്ഞു നിർത്തി. എന്നാൽ ചെറിയൊരു ചിരിയോടെ, ‘ഹാർദിക് പറയുന്നതെല്ലാം കള്ളമാണ്’ എന്ന വാചകത്തോടെ നെഹ്റ സംഭാഷണം അവസാനിപ്പിക്കുന്നുമുണ്ട്. 

കൂൾ ഡ്രിങ്ക്സ് കഴിച്ച്, ലാപ്ടോപ്പിനു മുന്നിൽ തന്ത്രങ്ങൾ മെനയുന്ന പരിശീലകരിൽനിന്നു വ്യത്യസ്തനാണ് ഇളനീരും കുടിച്ച് കടലാസിൽ കണക്കു കൂട്ടുന്ന ആശിഷ് നെഹ്റ. പരിചയ സമ്പത്തും യുവത്വവും ഒത്തുചേർന്ന തന്റെ ടീമിൽ ലേലം കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹം തൃപ്തനായിരുന്നു. ഹാർദിക് എന്ന ക്യാപ്റ്റനിലും കോച്ച് പ്രതീക്ഷ വച്ചു. 37 താരങ്ങൾക്കു പിന്നാലെ പോയി ലേലത്തിൽ 20 പേരെ മാത്രം വാങ്ങിയതിനു പിന്നിലും നെഹ്റയുടെ തന്ത്രങ്ങളാണ്. 

ചില താരങ്ങളെ എന്തു വില കൊടുത്തും ടീമിലെടുക്കുമെന്നു വാശിപിടിക്കാതെ, ആവശ്യമുള്ള താരങ്ങളെ, ടീമിന് ഒതുങ്ങുന്ന വിലയിൽ കൂടെക്കൂട്ടാനാണ് അദ്ദേഹം ശ്രമിച്ചത്. കളിക്കാരോട് കൂളായി ഇടപെടുന്ന ക്യാപ്റ്റൻ ഹാർദിക്കിന്റെ സാന്നിധ്യം ടീം അംഗങ്ങൾക്കിടയിൽ സമ്മർദങ്ങളില്ലാതാക്കി. ഫൈനലിൽ മുന്നിൽ‌ നിന്നു നയിച്ചും കളിച്ചും ഹാർദിക് ടീമിനു കിരീടമുറപ്പിക്കുകയും ചെയ്തു.