‘ടീമിനെയോർത്ത് അഭിമാനം; ഇനിയും ഒരുപാട് പഠിക്കാനുണ്ട്': പ്രതികരിച്ച് സഞ്ജു

ഐപിഎൽ സീസണിൽ കിരീടം ഉയർത്താനായില്ലെങ്കിലും ടീമിന്റെ പ്രകടനത്തിൽ ഏറെ അഭിമാനിക്കുന്നതായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഗുജറാത്ത് ടൈറ്റൻസിന് എതിരായ ഫൈനൽ മത്സരത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു സഞ്ജു. 

ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യേകതകൾ നിറഞ്ഞ സീസണാണ് ഇത്. കുറേ നല്ല മത്സരങ്ങൾ കളിക്കാനും ആരാധകർക്കു സന്തോഷിക്കാനുള്ള കുറച്ചു മുഹൂർത്തങ്ങൾ‌ പകർന്നു നൽകാനും സാധിച്ചു. ടീമിലെ എല്ലാ യുവതാരങ്ങളും മുതിർന്ന താരങ്ങളും നന്നായി കളിച്ചു. എന്റെ ടീമിനെയോർത്ത് അഭിമാനിക്കുന്നു’– സഞ്ജു പറഞ്ഞു.

ഐപിഎൽ കിരീടത്തിനായി അവകാശവാദം ഉന്നയിക്കണമെങ്കിൽ മികച്ച ഒരുപറ്റം പേസർമാർ ടീമിലുണ്ടാകണം എന്നായിരുന്നു ടീം മാനേജ്മെന്റിന്റെ വിശ്വാസം എന്നു സഞ്ജു പറ‍ഞ്ഞു.

‘അതുകൊണ്ടാണു ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, ഒബിദ് മക്കോയ് തുടങ്ങിയവർക്കായി ഒരുപാടു പണം മുടക്കിയത്. മികച്ച ബോളർമാർ ടീമിലുണ്ടെങ്കിൽ കിരീടസാധ്യതയുമുണ്ട് എന്നാണു ഞങ്ങൾ വിശ്വസിക്കുന്നത്. ജോസ് ബട്‌ലര്‍ 20 ഓവറും ബാറ്റുചെയുന്നതോടെ ടീമിലെ എന്റെ ദൗത്യത്തിനും മാറ്റമുണ്ടായി. ഭേദപ്പെട്ട ഐപിഎൽ സീസണായിരുന്നു എനിക്കിത്. 30കളും 40 കളും 20കളും നേടുന്നത് ആസ്വദിച്ചു. പക്ഷേ ഇനിയും ഒരുപാടു കാര്യങ്ങൾ‌ പഠിക്കാനുണ്ട്. ഗുജറാത്ത് ടൈറ്റൻസ് ടീമിന് അഭിവാദ്യങ്ങൾ’– സഞ്ജു പറഞ്ഞു.