ട്രെൻഡിങ്ങായി സഞ്ജു; ഒറ്റയാൾപ്പോരാട്ടത്തിന് കയ്യടി; രോമാഞ്ചം

കളിതോറ്റിട്ടും കളിക്കളത്തിലെ താരമായി തിളങ്ങി നിൽക്കുന്നത് സഞ്ജു സാംസൺ ആണ്. 63 പന്തിൽനിന്ന് ഒമ്പതു ബൗണ്ടറികളും മൂന്നു സിക്‌സറുകളുമടക്കം 86 റൺസ് അടിച്ചുകൂട്ടിയ താരത്തിന്റെ ഗംഭീര പ്രകടനം, കളി കണ്ടവർക്ക് രോമാഞ്ചമായി മാറുകയായിരുന്നു. ഇന്ത്യയുടെ ടോപ് സ്കോററും സഞ്ജുവായിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങളിൽ സഞ്ജു തരംഗമാണ് കാണാനാകുന്നത്. ട്വിറ്ററിലടക്കം സഞ്ജു സാംസൺ ട്രെൻഡിങ്ങായി കഴിഞ്ഞു.

കരിയറിലെ രണ്ടാം ഏകദിന ഫിഫ്റ്റിയാണ് സഞ്ജു ഈ മല്‍സരത്തില്‍ കുറിച്ചത്. ഏകദിനത്തിലെ കരിയര്‍ ബെസ്റ്റ് സ്‌കോര്‍ കൂടിയാണ് സഞ്ജുവിന്റേത്. 9 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. സ്കോർ ദക്ഷിണാഫ്രിക്ക 40 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 249. ഇന്ത്യ 40 ഓവറിൽ‌ 8 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ്. 63 പന്തിൽ 75 റൺസുമായി പുറത്താകാതെ നിന്ന ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 

ഹെൻറിച് ക്ലാസൻ 65 പന്തിൽ 74 റൺസോടെയും പുറത്താകാതെ നിന്നു. ഒരു ഘട്ടത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക്, പിരിയാത്ത അഞ്ചാം വിക്കറ്റിൽ ക്ലാസൻ – മില്ലർ സഖ്യം കൂട്ടിച്ചേർത്ത സെഞ്ചറി കൂട്ടുകെട്ടാണ് മികച്ച സ്കോർ സമ്മാനിച്ചത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ദക്ഷിണാഫ്രിക്കൻ സ്കോർ ബോർഡിൽ എത്തിച്ചത് 106 പന്തിൽ 139 റൺസാണ്.

63 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതമാണ് മില്ലർ 75 റൺസെടുത്തത്. 65 പന്തുകൾ നേരിട്ട ക്ലാസൻ ആറു ഫോറും രണ്ടു സിക്സും സഹിതം 74 റൺസുമെടുത്തു. ഓപ്പണർ ക്വിന്റൻ ഡികോക്ക് 54 പന്തിൽ അഞ്ച് ഫോറുകളോടെ 48 റൺസെടുത്ത് പുറത്തായി. ജന്നേമൻ മലാൻ ‍42 പന്തിൽ മൂന്നു ഫോറുകൾ സഹിതം 22 റൺസെടുത്തു. അതേസമയം, ക്യാപ്റ്റൻ ടെംബ ബാവുമ (12 പന്തിൽ എട്ട്), എയ്ഡൻ മർക്രം (0) എന്നിവർ നിരാശപ്പെടുത്തി.

ഇന്ത്യയ്ക്കായി എട്ട് ഓവറിൽ ഒരു മെയ്ഡൻ സഹിതം 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ശാർദൂൽ ഠാക്കൂറിന്റെ പ്രകടനം ശ്രദ്ധേയമായി. കുൽദീപ് യാദവ് എട്ട് ഓവറിൽ 39 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. രവി ബിഷ്ണോയ് ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും എട്ട് ഓവറിൽ വഴങ്ങിയത് 69 റൺസ്. മുഹമ്മദ് സിറാജ് എട്ട് ഓവറിൽ 49 റൺസും ആവേശ് ഖാൻ എട്ട് ഓവറിൽ 51 റൺസും വഴങ്ങി.നേരത്തെ, ടോസ് നേടിയ ഇന്ത്യൻ നായകൻ ശിഖർ ധവാൻ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഋതുരാജ് ഗെയ്ക്‌വാദും രവി ബിഷ്ണോയിയും ഈ മത്സരത്തിലൂടെ ഏകദിന അരങ്ങേറ്റം കുറിച്ചു. രണ്ടു മണിക്കു തുടങ്ങേണ്ടിയിരുന്ന മത്സരം മഴ കാരണം വൈകിയാണു തുടങ്ങിയത്. നാൽപത് ഓവറായി മത്സരം ചുരുക്കുകയും ചെയ്തു.

English Summary: Sanju Samson heroics in vain as India lose 1st ODI