ധോണിയുടെ സ്റ്റൈലിൽ ഫിനിഷിങ്; ധോണിയുടെ റെക്കോഡിനൊപ്പം സഞ്ജു സാംസൺ

ഇന്ത്യയും സിംബാബ്‍വെയും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ പ്ലെയർ ഓഫ് ദ് മാച്ചായി കളം നിറഞ്ഞിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. സിംബാബ്‍വെ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 25.4 ഓവറിൽ ലക്ഷ്യം കണ്ടു. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 167 റൺസെടുത്തത്. 39 പന്തിൽ നാല് സിക്സും മൂന്നും ഫോറും സഹിതം പുറത്താകാതെ 43 റൺസെടുത്ത സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറർ. സിക്സർ പറത്തി സഞ്ജുവാണ് വിജയറൺ നേടിയതും. 

ഇപ്പോഴിതാ ഈ ഒരൊറ്റ പ്രകടനം കൊണ്ട് സാക്ഷാൽ ധോണിയുടെ റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് സഞ്ജു സാംസൺ. സിംബാബ്‍വെക്കെതിരെ ഒരു ഏകദിന ഇന്നിങ്‌സില്‍ ഇന്ത്യക്കായി കൂടുതല്‍ സിക്‌സര്‍ നേടുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോഡിലാണ് സഞ്ജു ധോണിക്കൊപ്പം എത്തിയിരിക്കുന്നത്.  39 പന്തിൽ നാല് സിക്സും മൂന്നും ഫോറും സഹിതം പുറത്താകാതെ 43 റൺസാണ് താരം അടിച്ചെടുത്തത്. 2005ല്‍ ധോണി രണ്ട് തവണ സിംബാബ്‍വെക്കെതിരെ നാല് സിക്‌സുകള്‍ നേടിയിരുന്നു. 

ധോണിയെപോലെ സിക്സടിച്ച് മത്സരം ജയിപ്പിച്ചതിൽ ആരാധകരും സന്തോഷത്തിലാണ്. ട്വിറ്ററിലടക്കം നിരവധി അഭിനന്ദന പോസ്റ്റുകളാണ് സഞ്ജുവിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. ഇന്ത്യക്കായി ലഭിക്കുന്ന അവസരങ്ങളിലെല്ലാം തിളങ്ങിയിട്ടും സഞ്ജുവിന് വേണ്ടത്ര പിന്തുണ ടീം മാനേജ്‌മെന്റ് നല്‍കുന്നില്ല എന്ന കാര്യം ആരാധകർ ചൂണ്ടികാണിക്കുന്നുമുണ്ട്. ഇനിയെങ്കിലും സഞ്ജുവിനെ തഴയരുതെന്നും കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നുമാണ് ആരാധകര്‍ ആവിശ്യപ്പെടുന്നത്.