കോലിയുടെ അടുത്തേക്കോടി ആരാധകൻ; തൂക്കിയെടുത്ത് തോളിലിട്ട് പുറത്താക്കി പൊലീസ്!

കണക്കുകളിലും ചരിത്രത്തിലുമൊന്നും വലിയ കാര്യമില്ലെന്നു റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ തെളിയിച്ച മത്സരമായിരുന്നു ഇന്നലെ നടന്ന  ഐപിഎൽ എലിമിനേറ്റർ മത്സരം. ഐപിഎൽ എലിമിനേറ്ററിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ 14 റൺസിനു കീഴടക്കി ബാംഗ്ലൂർ രണ്ടാം ക്വാളിഫയറിലേക്കു മുന്നേറുകയും ചെയ്തു. എന്തായാലും എലിമിനേറ്റർ മത്സരം കിടിലൻ ക്ലൈമാക്സിലേക്കു നീങ്ങവേ, സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ ആരാധകനെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ‘കൂളായി’ ചുമലിൽ തൂക്കിയെടുത്തു നടന്നു നീങ്ങിയത്തിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഇത് കണ്ട് വിരാട് കോലി സ്തബ്ധനായി എന്നും പറയാം.

സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് ആരാധകർ ഗ്രൗണ്ടിലേക്ക് ഓടിക്കയറുക എന്നതു ക്രിക്കറ്റിനെ സംബന്ധിച്ചു പുതുമയുള്ള കാര്യമല്ല.മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ. ഹർഷൽ പട്ടേലിനെ സിക്സറടിച്ച ശ്രീലങ്കൻ താരം ദുഷ്മന്ത ചമീര ലക്നൗ സൂപ്പർ ജയന്റ്സിനു പ്രതീക്ഷയുടെ കണികകൾ ബാക്കിവച്ചിരുന്ന സമയം. 

ലക്നൗ ജയത്തിന് 3 പന്തിൽ 16 റൺസ് വേണമെന്നിരിക്കെ അൽപ നേരത്തേക്കു മത്സരം തടസ്സപ്പെട്ടു. മൈതാനത്തേക്ക് കടന്നുകയറിയ ഒരു ആരാധകൻ വിരാട് കോലിയുടെ അടുത്തേക്ക് ഓടിയെത്താൻ ശ്രമിച്ചതായിരുന്നു കാരണം.ലോങ് ഓൺ ബൗണ്ടറിയിലാണു കോലി അപ്പോൾ ഫീൽഡ് ചെയ്തിരുന്നത്. രസകരമായ സംഭവങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ ഗ്രൗണ്ടിൽ തത്സമയം കളി കണ്ടിരുന്ന ചിലരാണു ചിത്രീകരിച്ചത്.

വിഡിയോകളിൽ ഒന്നിൽ, സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനെ ‘കടന്നുകയറ്റത്തിന്റെ’ കാര്യം കോലി അറിയിക്കുന്നതും, പിന്നാലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ കോലിയുടെ അടുത്തേക്ക് ഓടിയെത്താൻ ശ്രമിച്ച ആരാധകനെ തൂക്കി തോളിലിട്ടുകൊണ്ട് ഗ്രൗണ്ടിനു പുറത്തേക്കു നടന്നു നീങ്ങുന്നതും കാണാം.  തൊട്ടടുത്തുള്ള കോലി ഇതുകണ്ട് അവിശ്വസനീയതയോടെ നിലത്തിരിക്കുന്നതും പിന്നാലെ ചിരി അടക്കാൻ പാടു പെടുന്നതും വിഡിയോയിൽ കാണാം.

‘കളിക്കളത്തിലെ പിടിത്തംവിട്ട സംഭവത്തിനു സാക്ഷിയായി. കൊൽക്കത്ത പൊലീസ് ജോൺ സീനയാകുന്നതും കണ്ടു’– സംഭവത്തെക്കുറിച്ചുള്ള ഒരു ആരാധകന്റെ കമന്റ് ഇങ്ങനെ.