ഇത് 'ജോസേട്ടന്റെ ഐപിഎൽ പൂരം'; അവാർഡുകൾ വാരിക്കൂട്ടി ജോസ് ബട്‌ലർ; തലയുയർത്തി മടക്കം

മലയാളി ആരധകർ കാത്തിരുന്ന വാശിയേറിയ ഐപിഎൽ ഫൈനലിൽ രാജസ്ഥാൻ ‘റോയ’ലായില്ല! ഓസീസ് സ്പിൻ ഇതിഹാസം ഷെയ്ൻ വോണിനുവേണ്ടി ഐപിഎൽ കിരീടം ഉയർത്താൻ സഞ്ജു സാംസണും രാജസ്ഥാനും ഇനിയും കാത്തിരിക്കാം. ബോളിങ് കരുത്തിൽ രാജസ്ഥാനെ തളച്ച ഗുജറാത്ത് ടൈറ്റൻസ് 7 വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ആദ്യ സീസണിൽത്തന്നെ ഐപിഎൽ കിരീടം സ്വന്തമാക്കി. പക്ഷെ തലയുയർത്തി അഭിമാനത്തോടു കൂടിയാണ് സഞ്ജുവിന്റെ രാജസ്ഥാന്റെ മടക്കം. 

രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഫൈനലില്‍ നിറഞ്ഞാടാനായില്ലെങ്കിലും ഓറഞ്ച് ക്യാപ്പടക്കം ആറ് അവാർഡുകൾ വാരിക്കൂട്ടി ഐപിഎല്ലിലെ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത് ജോസ് ബട്‌ലർ ആണ്. ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരം, ഫോറുകൾ നേടിയ താരം, ഏറ്റവും കൂടുതൽ റൺസ്, സീസണിലെ മികച്ച പവർ പ്ലെയർ, എന്നിങ്ങനെ പ്രധാനപ്പെട്ട അവാർഡുകൾ എല്ലാം മലയാളികൾ 'ജോസേട്ടൻ' എന്ന് സ്നേഹത്തോടെ വിളിക്കുന്ന ജോസ് ബട്‌ലർ സ്വന്തമാക്കുകയും ചെയ്തു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ഓവര്‍സീസ് താരമാവുകയും ചെയ്തു ബട്‌ലര്‍.

ഈ സീസണിൽ 57.53 ശരാശരിയില്‍ 149.05 സ്‌ട്രൈക്കറേറ്റിൽ 863 റൺസ് നേടിയാണ് ബട്‌ലർ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. നാല് സെഞ്ച്വറിയും അതുപോലെ തന്നെ നാല് അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയ ബട്‌ലര്‍ 83 ഫോറും 45 സിക്സറുകളുമാണ് ഈ സീസണില്‍ അടിച്ചെടുത്തത്. 2016ല്‍ 973 റണ്‍സ് നേടിയ വിരാട് കോലിയുടെ റെക്കോഡ് തകര്‍ക്കാന്‍ ബട്‌ലർക്ക് സാധിച്ചില്ലെങ്കിലും ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകുവാൻ ബട്‌ലർക്ക് സാധിച്ചു.  2016ല്‍ ഡേവിഡ് വാര്‍ണര്‍ നേടിയ 848 റണ്‍സിന്റെ റെക്കോർഡിനെ മറികടക്കുകയും ചെയ്തു. 

അവാർഡ് ജേതാക്കളുടെ മുഴുവൻ പട്ടിക:

ഓറഞ്ച് ക്യാപ്പ്: ജോസ് ബട്‌ലർ (863 റൺസ്)

പർപ്പിൾ ക്യാപ്പ്: യുസ്‌വേന്ദ്ര ചാഹൽ (27 വിക്കറ്റ്)

പ്ലെയർ ഓഫ് ദി സീസൺ : ജോസ് ബട്‌ലർ

എമേർജിങ് പ്ലെയർ : ഉംറാൻ മാലിക്

ഏറ്റവും കൂടുതൽ സിക്സറുകൾ:  ജോസ് ബട്‌ലർ (45)

ഏറ്റവും കൂടുതൽ ഫോറുകൾ:  ജോസ് ബട്‌ലർ (83)

സൂപ്പർ സ്‌ട്രൈക്കർ: ദിനേഷ് കാർത്തിക് (സ്‌ട്രൈക്ക് റേറ്റ് 183.33)

ഗെയിം ചേഞ്ചർ: ജോസ് ബട്‌ലർ

ഫെയർപ്ലേ അവാർഡ്: രാജസ്ഥാൻ റോയൽസ്

പവർ  പ്ലെയര്‍: ജോസ് ബട്‌ലർ

ഏറ്റവും വേഗമേറിയ ഡെലിവറി: ലോക്കി ഫെർഗൂസൺ (157.3 കി.മീ.)

മികച്ച ക്യാച്ച്: എവിൻ ലൂയിസ്

616 റണ്‍സ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലാണ് റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 17 മത്സരങ്ങളില്‍ 458 റണ്‍സ് നേടി ഒമ്പതാം സ്ഥാനത്താണ്.