തകർപ്പൻ ഫോമിൽ വീണ്ടും കോലി; പ്ലേ ഓഫ് പ്രതീക്ഷയിൽ ബാംഗ്ലൂർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിര എട്ട് വിക്കറ്റ് വിജയം സ്വന്തമാക്കി റോയൽചാലഞ്ചേഴ്സ് ബാംഗ്ലൂർ  പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി.ഇന്നലത്തെ  ജയത്തോടെ ഡൽഹിയെ പിന്തള്ളി ബാംഗ്ലൂർ നാലാം സ്ഥാനത്തെത്തി. പക്ഷേ പ്ലേ ഓഫ് ഉറപ്പിക്കാൻ മറ്റു ടീമുകളുടെ മത്സരഫലം വരെ കാത്തിരിക്കണം. എന്നാല്‍ 21ന് നടക്കുന്ന മുംബൈ ഇന്ത്യന്‍സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ആർസിബിക്ക് നിര്‍ണ്ണായകമാവും. ഡല്‍ഹി തോറ്റാല്‍ ആര്‍സിബിക്ക് പ്ലേ ഓഫില്‍ കടക്കാം. ഇനി അതല്ല ഡല്‍ഹി മുംബൈയെ തോല്‍പ്പിക്കുകയാണെങ്കിൽ നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ ഡല്‍ഹിക്ക് പ്ലേ ഓഫില്‍ കടക്കാനാവും. 

ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 18.4 ഓവറിൽ ബാംഗ്ലൂർ മറികടക്കുകയായിരുന്നു. ഓപ്പണർ വിരാട് കോലിയുടെ തകർപ്പൻ ബാറ്റിങ്ങാണു ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത്. 54 പന്തിൽ 73 റൺസെടുത്താണു കോലി പുറത്തായത്. ക്യാപ്റ്റൻ ഫാഫ് ഡ്യുപ്ലേസിയും (38 പന്തിൽ 44), ഗ്ലെൻ മാക്സ്‍വെല്ലും (18 പന്തില്‍ 44) തിളങ്ങി. കോലിയും ഡ്യുപ്ലേസിയും ചേര്‍ന്ന് 115 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ബാംഗ്ലൂരിനു വേണ്ടി പടുത്തുയർത്തി.

115 ൽ ബാംഗ്ലൂർ ക്യാപ്റ്റൻ പുറത്തായി. റാഷിദ് ഖാ‍ന്റെ പന്തിൽ ഹാർദിക് പാണ്ഡ്യ ക്യാച്ചെടുത്താണ് ഡ്യുപ്ലേസിയെ പുറത്താക്കിയത്. വിരാട് കോലിയുടെ വിക്കറ്റും റാഷിദ് ഖാനാണ്. തുടർന്ന് രണ്ട് സിക്സും അഞ്ച് ഫോറും അടിച്ച് മാക്സ്‍വെല്ലും ദിനേഷ് കാര്‍ത്തിക്കും (2) ചേർന്ന് ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്ത് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മുന്നിൽനിന്നു നയിച്ചപ്പോൾ ഓപ്പണർ വൃദ്ധിമാൻ സാഹ, ഡേവിഡ് മില്ലർ എന്നിവരുടെ ഇന്നിങ്സുകളും ഗുജറാത്തിനു തുണയായി.

നിലവിൽ ഗുജറാത്തും ലഖ്‌നൗവും പ്ലേ ഓഫ് ഉറപ്പിച്ച ടീമുകളാണ് മാറി. ആദ്യമായി ഐപിഎൽ കളിക്കുന്ന രണ്ട് പുതിയ ഫ്രാഞ്ചൈസികൾ തന്നെ ആദ്യം  പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിച്ചുഎന്നതും എടുത്ത് പറയേണ്ട കാര്യമാണ്. സഞ്ജുവിന്റെ രാജസ്ഥാനും പ്ലേ ഓഫിന് തൊട്ടടുത്താണ്. നിലവില്‍ അവര്‍ 13 മത്സരത്തില്‍ നിന്ന് 16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.