ചെന്നൈക്കെതിരെ കൊൽക്കത്തയ്ക്ക് തകർപ്പൻ ജയം; നരെയ്ൻ കളിയിലെ കേമൻ

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ആറുവിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ചെന്നൈ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം 18ാം ഒാവറില്‍ കൊല്‍ക്കത്ത മറികടന്നു. അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കും യുവതാരം ശുഭ്മാന്‍ ഗില്ലുമാണ് കൊല്‍ക്കത്തയ്ക്ക് അനായാസ ജയമൊരുക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്കായി ഡുപ്ലിസിസും വാട്സണും ബൗണ്ടറികളിലൂടെ തുടങ്ങി. സ്പിന്നര്‍മാരിലൂടെ കൊല്‍ക്കത്ത തിരിച്ചടിച്ചതോട ചെന്നൈ ഒാപ്പണര്‍മാര്‍ മടങ്ങി. സുരേഷ് റെയ്ന 31 റണ്‍സോടെ കുല്‍ദീപ് യാദവിന് മുന്നില്‍ കീഴടങ്ങി. 200നോട് അടുക്കുമായിരുന്ന ചെന്നൈ സ്കോര്‍ അവസാന മുന്നോവറുകളില്‍ സ്പിന്നര്‍മാരെ ഉപയോഗിച്ച് കാര്‍ത്തിക് പിടിച്ചുകെട്ടി. 25 പന്തില്‍ 43 റണ്‍സെടുത്ത ധോണിയുടെ മികവില്‍ ചെന്നൈ178 റണ്‍സ് വിജയലക്ഷ്യം കുറിച്ചു.

മറുപടി ബാറ്റിങ്ങില്‍ രണ്ട് സിക്സറടിച്ച് തുടങ്ങിയ ലിന്നിനെ ആദ്യ ഒാവറില്‍ തന്നെ എന്‍ഗിഡി മടക്കി. മലയാളി താരം ആസിഫിന്റെ ഒാവറില്‍  രണ്ടുതവണ രവീന്ദ്ര ജഡേജ സുനില്‍ നരെയ്നെ കൈവിട്ടത് മല്‍സരത്തില്‍ നിര്‍ണായകമായി. 

ആസിഫിന്റെ മനോഹര ബൗണ്‍സറില്‍ ഉത്തപ്പ മടങ്ങി.

സുനില്‍ നരെയ്ന്‍ 32ഉം  റിങ്കു സിങ് 16ഉം റണ്‍സെടുത്ത് മടങ്ങിയെങ്കിലും ഇന്ത്യന്‍ അണ്ടര്‍ 19 താരം ശുഭ്മാന്‍ ഗില്ലും ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കും കൊല്‍ക്കത്തയുടെ രക്ഷകരായി. ആസിഫ് എറിഞ്ഞ 16ാം ഒാവറില്‍ കൊല്‍ക്കത്ത 21 റണ്‍സടിച്ച് മല്‍സരം അനുകൂലമാക്കി. 18 പന്തില്‍ 45 റണ്‍സെടുത്ത് കാര്‍ത്തിക്കും അര്‍ധസെഞ്ചുറി പിന്നിട്ട ഗില്ലും  പതിനാല് പന്ത് ശേഷിക്കെ കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചു. രണ്ടുവിക്കറ്റ് വീഴ്ത്തുകയും 32 റണ്‍സെടുക്കുകയും ചെയ്ത സുനില്‍ നരെയ്നാണ് കളിയിലെ താരം .