പഞ്ചാബ് കിങ്സിനെ തകർത്ത് കൊൽക്കത്ത; ജയം 5 വിക്കറ്റിന്

ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ നൈറ്റ് റൈഡേഴ്സിന് അഞ്ച് വിക്കറ്റ് ജയം.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 123 റൺസ്. മറുപടി ബാറ്റിങ്ങിൽ ചെറുതായി വിറച്ചെങ്കിലും 20 പന്തും അഞ്ച് വിക്കറ്റും ബാക്കിനിൽക്കെ കൊൽക്കത്ത വിജയത്തിലെത്തി.

ക്യാപ്റ്റനൊത്ത പ്രകടനവുമായി കൊൽക്കത്ത ഇന്നിങ്സിന് നങ്കൂരമിട്ട ഒയിൻ മോർഗനാണ് ടീമിന്റെ വിജയശിൽപി. 40 പന്തുകൾ നേരിട്ട മോർഗൻ, നാലു ഫോറും രണ്ടു സിക്സും സഹിതം 47 റൺസുമായി പുറത്താകാതെ നിന്നു. മോർഗനു പുറമെ കൊൽക്കത്ത നിരയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചത് രാഹുൽ ത്രിപാഠി മാത്രം. 32 പന്തുകൾ നേരിട്ട ത്രിപാഠി ഏഴു ഫോറുകൾ സഹിതം 41 റൺസെടുത്തു.

വെറും 17 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്ക് നീങ്ങിയ കൊൽക്കത്തയ്ക്ക്, നാലാം വിക്കറ്റിൽ മോർഗൻ – ത്രിപാഠി സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് രക്ഷയായത്. 48 പന്തുകൾ ക്രീസിൽനിന്ന ഇരുവരും 66 റൺസാണ് കൊൽക്കത്ത സ്കോർ ബോർഡിൽ ചേർത്തത്. സ്കോർ 83ൽ നിൽക്കെ ത്രിപാഠിയെ ദീപക് ഹൂഡ മടക്കിയെങ്കിലും ആന്ദ്രെ റസ്സൽ, ദിനേഷ് കാർത്തിക് എന്നിവരെ കൂട്ടുപിടിച്ച് മോർഗൻ കൊൽക്കത്തയെ വിജയത്തിലെത്തിച്ചു.

റസ്സൽ ഒൻപതു പന്തിൽ രണ്ടു ഫോറുകളോടെ 10 റൺസെടുത്ത് പുറത്തായി. ദിനേഷ് കാർത്തിക് ആറു പന്തിൽ രണ്ടു ഫോറുകൾ സഹിതം 12 റൺസുമായി പുറത്താകാതെ നിന്നു. പഞ്ചാബിനായി മുഹമ്മദ് ഷമി നാല് ഓവറിൽ 25 റൺസ് വഴങ്ങിയും മോയ്സസ് ഹെൻറിക്വസ് ഒരു ഓവറിൽ അഞ്ച് റൺസ് വഴങ്ങിയും ദീപക് ഹൂഡ രണ്ട് ഓവറിൽ 20 റൺസ് വഴങ്ങിയും അർഷ്ദീപ് സിങ് 2.4 ഓവറിൽ 27 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 123 റൺസ്. 34 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 31 റൺസെടുത്ത മയാങ്ക് അഗർവാളാണ് പഞ്ചാബിന്റെ ടോപ് സ്കോറർ.

അഗർവാളിനു പുറമെ പഞ്ചാബ് നിരയിൽ രണ്ടക്കത്തിലെത്തിയത് സഹ ഓപ്പണറും ക്യാപ്റ്റനുമായ കെ.എൽ. രാഹുൽ (20 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 19), നിക്കോളാസ് പുരാൻ (19 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 19) ഷാരൂഖ് ഖാൻ (14 പന്തിൽ ഒരു സിക്സ് സഹിതം 13), ക്രിസ് ജോർദാൻ (18 പന്തിൽ മൂന്നു സിക്സും ഒരു ഫോറും സഹിതം 30) എന്നിവർ മാത്രം.

പഞ്ചാബ് ഏറെ പ്രതീക്ഷ വച്ചിരുന്ന ക്രിസ് ഗെയ്‍ൽ ഗോൾഡൻ ഡക്കായി. ദീപക് ഹൂഡ (നാലു പന്തിൽ ഒന്ന്), മോയ്സസ് ഹെൻറിക്വസ് (മൂന്നു പന്തിൽ രണ്ട്), രവി ബിഷ്ണോയ് (നാലു പന്തിൽ ഒന്ന്) എന്നിവർ നിരാശപ്പെടുത്തി. അർഷ്ദീപ് സിങ് (ഒന്ന്), മുഹമ്മദ് ഷമി (1) എന്നിവർ പുറത്താകാതെ നിന്നു.

കൊൽക്കത്തയ്ക്കായി പ്രസിദ്ധ് കൃഷ്ണ നാല് ഓവറിൽ 30 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. വെസ്റ്റിൻഡീസ് താരം സുനിൽ നരെയ്ൻ നാല് ഓവറിൽ 22 റൺസ് വഴങ്ങിയും പാറ്റ് കമ്മിൻസ് മൂന്ന് ഓവറിൽ 31 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ശിവം മാവിയുടെ പ്രകടനവും ശ്രദ്ധേയമായി.