ലോകകപ്പ് ആസ്വദിക്കാം, അതിനു മുൻപ് പരിചയപ്പെടാം വിഎആറിനെ

വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ആദ്യമായി നടപ്പിലാക്കാന്‍ പോകുന്ന ലോകകപ്പാണ് റഷ്യയിലേത്. റഫറിയുടെ തീരുമാനങ്ങളുടെ കൃത്യതയ്ക്ക് വി.എ.ആര്‍ സംവിധാനം ഗുണകരമാകുമെന്നാണ് കരുതുന്നതെങ്കിലും സാങ്കേതിക സഹായത്തെ എതിര്‍ക്കുന്നവര്‍ നിരവധിയാണ്. കാല്‍പ്പന്തുകളിയുടെ സ്വാഭാവിക ഒഴുക്കിനെ റിവ്യു സംവിധാനം ബാധിക്കുമെന്നാണ് പ്രധാന വിമര്‍ശനം.

ദൈവത്തിന്റെ കൈ കൊണ്ട് മറഡോണ നേടിയ പോലൊരു ഗോള്‍ ഇത്തവണ അസാധ്യമാണ്. കാരണം വാര്‍ ഉണ്ടാകും റഷ്യയില്‍. വീഡിയോ അസിസ്റ്റന്റ് റഫറി അഥവാ വാറിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് ഫുട്ബോള്‍ ലോകം. നല്ലതെന്ന ഒരു പറ്റം. വേണ്ടെന്ന് മറുപക്ഷം. എന്താണ് വാര്‍.? ക്രിക്കറ്റില്‍ തേര്‍ഡ് അമ്പയറിന് നല്‍കുന്നതു പോലെ തന്നെ.. റഫറിയെ സഹായിക്കാന്‍ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം. നാലു സാഹചര്യങ്ങളിലാണ് വാര്‍ ഉപയോഗിക്കാന്‍ കഴിയുക.

1.ഗോളിന്റെ കാര്യത്തില്‍ സംശയമുള്ളപ്പോള്‍

2.പെനല്‍റ്റി നല്‍കേണ്ട ഫൗള്‍ നടന്നോ എന്നറിയാന്‍

3. ചുവപ്പു കാര്‍ഡിനുള്ള ഫൗള്‍ ഉണ്ടായോ എന്നറിയാന്‍. 

മറ്റൊന്ന് ശരിയായ കളിക്കാരന്‍ തന്നെയല്ലെ ശിക്ഷിക്കപ്പെടുന്നത് എന്നറിയാന്‍. റഫറിക്ക് നേരിട്ട് റിവ്യൂ ആവശ്യപ്പെടാം. റിവ്യൂ വേണണെന്ന് ടീമിനും ആവശ്യമുന്നയിക്കാം. വാര്‍ ടീം വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് ഹെഡ്സെറ്റിലൂടെ വിധി പറയും. 

മൈതാനത്തിന് വശത്തുള്ള ടീവിയില്‍ പോയി നോക്കി റഫറിക്കും തീരുമാനമെടുക്കാം. ആകെ മൊത്തം ആശയക്കുഴപ്പമാണെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. റിവ്യൂ കളിയുടെ ഒഴുക്കിനെ ബാധിക്കും, സ്റ്റേഡിയത്തിലെ കാണികള്‍ക്ക് അരോചകമാകും. ഇങനെയൊക്കെയാണ് ആക്ഷേപങ്ങള്‍. തൊടുവാദങ്ങളാണ് എതിര്‍പ്പുകളില്‍ കൂടുതലും എന്ന കാര്യത്തില്‍ ഒരു റിവ്യൂ വേണ്ടി വരില്ല.