ഡ്രസിങ് റൂം അടിച്ചുതകർത്ത് ബംഗ്ലദേശ് താരങ്ങൾ; ഗ്രൗണ്ടിലും പോര്, വിഡിയോ

ത്രിരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ശ്രീലങ്കയെ അട്ടിമറിച്ച് ഫൈനലിലെത്തിയ ബംഗ്ലദേശ് ടീം വിവാദച്ചുഴിയിൽ. കളിക്കളത്തിനകത്തെയും പുറത്തെയും പെരുമാറ്റത്തിന്റെയും പേരിലാണ് ടീമിന് ചീത്തപ്പേരുണ്ടായത്. അവസാന ഓവര്‍വരെ ആവേശം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ശ്രീലങ്കയെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് ടൂര്‍ണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചത്. 

ഗ്രൗണ്ടിലെ വാക്പോരും ഡ്രസിങ് റൂം തകർത്തതും സംഭവത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നു. ഡ്രസിങ് റൂം അടിച്ചുതകർത്ത താരത്തെ കണ്ടെത്താൻ മാച്ച് റഫറി ക്രിസ് ബ്രോഡ് ഗ്രൗണ്ട് സ്റ്റാഫിനു നിർദ്ദേശം നൽകിയിട്ടുണ്ട്. സിസിടിവി പരിശോധിച്ച് ‘പ്രതിയെ’ കണ്ടെത്താനാണ് നിർദേശം. മൽസരം ജയിച്ച ആവേശത്തിൽ ബംഗ്ലദേശ് താരങ്ങളിൽ ആരോ ചെയ്തതാണ് ഇതെന്നാണ് ആരോപണം. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ബംഗ്ലദേശ് ടീം നഷ്ടപരിഹാരം നൽകാമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം, മോശം പെരുമാറ്റത്തിന് ബംഗ്ലദേശ് ടീമിനെതിരെ ഐസിസി നടപടിക്കും സാധ്യതയുണ്ട്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തപ്പോൾ, ഒരു പന്തും രണ്ടു വിക്കറ്റും ബാക്കിനിൽക്കെ ബംഗ്ലദേശ് ലക്ഷ്യത്തിലെത്തുകയായിരുന്നു. മൽസരം അവസാനത്തോട് അടുക്കുന്തോറും ആവേശം മുറുകിയതോടെ അത്ര പന്തിയല്ലാത്ത രംഗങ്ങൾക്കും മൽസരം വേദിയായി. അവസാന ഓവറിൽ ബംഗ്ലദേശിന് വിജയത്തിലേക്ക് 12 റൺസ് വേണ്ടിയിരിക്കെ ഉഡാന തുടർച്ചയായി രണ്ടു ബൗൺസറുകളെറിഞ്ഞതാണ് ബംഗ്ലദേശിനെ ചൊടിപ്പിച്ചത്. രണ്ടാമത്തെ പന്ത് നോബോൾ വിളിക്കണമെന്ന ആവശ്യവുമായി മഹ്മൂദുല്ല അംപയർമാരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ഇരുടീമിലെയും താരങ്ങൾ തമ്മിലും വാഗ്വാദമുണ്ടായി. 

ഇതിനിടെ മൽസരം അവസാനിപ്പിച്ചു മടങ്ങാൻ ബംഗ്ലദേശ് നായകൻ ഷക്കിബ് അൽ ഹസൻ താരങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ബംഗ്ലബാറ്റ്സ്മാൻമാർ ഗ്രൗണ്ട് വിടാൻ ഒരുങ്ങിയെങ്കിലും പരിശീലകനും അംപയർമാരും താരങ്ങളെ അനുനയിപ്പിക്കുകയായിരുന്നു. തുടർന്ന് ക്രീസിൽ തിരിച്ചെത്തിയ മഹ്മൂദുല്ല ഒരു ബൗണ്ടറിയും സിക്സും നേടി ഒരു പന്തു ശേഷിക്കെ ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു.