ചങ്കുറപ്പ് കൈമുതലാക്കി കായിക ഭുപടത്തിലേക്ക് ഓടിക്കയറി പറളി

ചങ്കുറപ്പ് മാത്രം കൈമുതലാക്കി കേരളത്തിന്റെ കായിക ഭുപടത്തിലേക്ക് ഓടിക്കയറിയ ടീമാണ് പറളി അത്‌ലറ്റിക്സ് ക്ലബ്. പറളിയുടെ വരവോടെയാണ് സ്കൂള്‍ കായികമേളകളില്‍ പാലക്കാടന്‍ താരങ്ങള്‍ കയ്യടി നേടിത്തുടങ്ങുന്നതും. പിന്നീട് ഒട്ടേറെ രാജ്യാന്തര മെഡലുകള്‍ വരെ പറളിയിലേക്കെത്തി. 

സ്കൂൾ‍ മേളയിൽ പതിമൂന്നും പതിനാലും സ്ഥാനത്തു നിന്നു പാലക്കാടിനെ സംസ്ഥാന സ്കൂൾ മേളകളിൽ മുന്നിലെത്തിക്കാൻ പറളി വാശിയോടെ ഓടിത്തുടങ്ങിയത് ഒന്നര പതിറ്റാണ്ടു മുൻപാണ്.  പറളി അത്‌ലറ്റിക് ക്ലബായതോടെ നേട്ടങ്ങളുടെ ചിറകിലേറി താരങ്ങൾ രാജ്യാന്തര ട്രാക്കിലേക്കെത്തി. 1995ല്‍ പി.ജി.മനോജ് പറളി സ്കൂളിലെ കായികാധ്യാപനായി ചേർന്നതോടെയാണ് പാലക്കാടിന്റെയും ഭാഗ്യവര മാറിയത്. ആദ്യശ്രമത്തില്‍ കാര്യമായ നേട്ടങ്ങള്‍ ഉണ്ടായില്ലെങ്കിലും പറളിയുടെ രണ്ടാം ശ്രമം വഴിത്തിരവായി. 

ഗ്രാമങ്ങളിലെ കൂലിപ്പണിക്കാരുടെ മക്കളായിരുന്നു പരിശീലനത്തിനെത്തിയത്. വേണ്ടത്ര ഫണ്ടില്ലാതിരുന്നിട്ടും ചങ്കുറപ്പും പട്ടികക്കഷണങ്ങൾ വച്ചുണ്ടാക്കിയ ഹർഡിൽസുമായി പറളി ഓടിക്കയറി. എം.ഡി താര, മുഹമ്മദ് അഫ്സല്‍, വിവി ജിഷ, കെ.ടി.നീന, രാമേശ്വരി, പറളിയുടെ രാജ്യാന്തര താരങ്ങള്‍ നിരവധി. ഹോസ്റ്റല്‍ സൗകര്യമില്ലാതിരുന്നിട്ടും സോപ്ര‍ട്സ് കൗണ്‍സിലിന്റെ ഡേ–സ്കീമില്‍ പരിശീലനം തുടര്‍ന്നാണ് പറളി കുതിപ്പ് തുടരുന്നത്. സിന്തറ്റിക് ട്രാക്ക്, ജിംനേഷ്യം എന്നീ ആഗ്രഹങ്ങളിലേക്ക് പ്രാദേശിക പിന്തുണയോടെ മെല്ലെ കടന്നു ചെല്ലുകയാണ് പറളി അത്‌ലറ്റിക്സ് ക്ലബ്.