മനോരമ സ്പോർട്സ് സ്റ്റാറാകാൻ പി.യു ചിത്രയും

അത്ലറ്റിക്സ് ട്രാക്കിനു പുറത്തെ ഗൂഡാലചനയില്‍ പി.യു.ചിത്ര എന്ന പാലക്കാട്ടുകാരിക്ക് ലണ്ടനിലെ ലോക ചാംപ്യന്‍ഷിപ്പ് നഷ്ടമായെങ്കിലും, നേട്ടങ്ങള്‍ നിരവധി സ്വന്തമാക്കിയ വര്‍ഷമായിരുന്നു 2017. 1500 മീറ്റര്‍ ട്രാക്കില്‍ ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്ന് ചിത്രയ്ക്ക് എതിരാളിയില്ലാതെയായി. ദുരിതങ്ങളുടെ ട്രാക്കിനെ മനോധൈര്യം കൊണ്ട് കീഴടക്കിയാണ് ചിത്ര ''മനോരമ സ്പോര്‍ട്സ് സ്റ്റാര്‍ 2017'' പുരസ്കാരത്തിനുള്ള അന്തിമ പട്ടികയില്‍ ഇടം കണ്ടെത്തിയത്.

ഭുവനേശ്വറിലെ ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിലെ 1500 മീറ്റര്‍ ട്രാക്കില്‍ ചിത്ര ഒന്നാം സ്ഥാനത്തേക്ക് ഓടിക്കയറി. ഏഷ്യൻ ചാംപ്യൻഷിപ്പിലെ സ്വർണക്കുതിപ്പിന്റെ വിഡിയോ പെട്ടെന്നു വൈറലായതിനു പിന്നില്‍ താരത്തോടു കേരളത്തിനുള്ള പ്രത്യേക ഇഷ്ടം നിറഞ്ഞുനിൽക്കുന്നു. തൊടുന്യായങ്ങൾ നിരത്തി ലണ്ടൻ ലോക ചാംപ്യൻഷിപിനുള്ള ഇന്ത്യൻ ടീമിൽനിന്നു ചിത്രയെ വെട്ടിനിരത്തിയപ്പോൾ അവൾക്കൊപ്പം ഒരു നാട് മുഴുവൻ രംഗത്തുവന്നു. വലിയൊരവസരം നഷ്ടമായെങ്കിലും കഴിഞ്ഞ വർഷം ട്രാക്ക് ചിത്രയ്ക്കു സമ്മാനിച്ചതു സുവർണനേട്ടങ്ങളാണ്.  

1,500 മീറ്ററിൽ ഇന്ത്യയുടെ റാണിയായി ചിത്ര ഒാടിത്തകർത്തു. ജൂണിൽ ഫെഡറേഷൻ കപ്പ് സീനിയർ അത്ലതറ്റിക്സിൽ സ്വർണം. ഗുണ്ടൂരിൽ നടന്ന ദേശീയ സീനിയർ അത്ല റ്റിക്സിൽ വെള്ളി. സെപ്റ്റംബറിൽ തുർക്ക്മെനിസ്ഥാനില്‍ നടന്ന ഏഷ്യൻ ഇൻഡോർ ഗെയിംസിലും സ്വർണം. നവംബറിൽ കാലിക്കറ്റ് സർവകലാശാല അത്ലണറ്റിക് മീറ്റിൽ 17 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി. പിന്നീട് അന്തർസർവകലാശാല മീറ്റിൽ സ്വർണം നിലനിർത്തി. ഏഷ്യൻ ഗെയിംസ് ഇൻവിറ്റേഷൻ അത്ലറ്റിക്സിലും സ്വർണം. കോമൺവെൽത്ത് ഗെയിംസിലേക്കും ഏഷ്യൻ ഗെയിംസിലേക്കും യോഗ്യത കണ്ടെത്താൻ ഊട്ടിയിലെ ദേശീയ ക്യാംപിൽ കഠിന പരിശീലനത്തിലാണു ചിത്ര ഇപ്പോൾ. മനോരമ സ്പോര്‍ട്സ് സ്റ്റാര്‍2017 പുര്സ്കാരത്തിനുള്ള അന്തിമ പട്ടികയിലേക്ക് മെഡലുകളുടെ കൂമ്പാരവുമായാണ് ചിത്ര ഓടിക്കയറിയത്.