ശൈത്യകാല ഒളിംപിക്സ് വേദിയെ ഞെട്ടിച്ച് കിമ്മിന്റെയും ട്രംപിന്റെയും അപരൻമാർ

പരസ്പരം പോര്‍വിളി മുഴക്കുന്ന ഉത്തരകൊറിയന്‍ തലവന്‍ കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഒരുമിച്ച് ശൈത്യകാല ഒളിംപിക്സ് വേദിയിലെത്തിയാലോ? ഇരുവരുടേയും അപരന്മാരാണ് ഒളിംപിക്സ് വേദിയില്‍ ഒന്നിച്ചെത്തി കാണികളെ ഞെട്ടിച്ചത്. കിമ്മിന്റെ അപരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍  പിടികൂടിയെങ്കിലും വിശദമായ ചോദ്യംചെയ്യലിനു ശേഷം വിട്ടയച്ചു.

ഒളിംപിക്സ് സ്റ്റേഡിയത്തിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടികളില്ലാതെ അവര്‍ നടന്നു വന്നു. നയതന്ത്രരംഗത്തെ പ്രഖ്യാപിത ശത്രുക്കള്‍. ലോകത്തെയാകെ മറ്റൊരു ‌യുദ്ധത്തിന്റെ മുനമ്പില്‍ നിര്‍ത്തിയവര്‍. ഇരുവരേയും ഒന്നിച്ചു കണ്ട കാണികള്‍ ആദ്യമൊന്നമ്പരന്നു. ഉന്നിന്റേയും ട്രംപിന്റേയും അപരന്മാരാണ് ഒളിംപിക്സ് വേദിയെ ‍െഞട്ടിച്ചത്. െഎക്യകൊറിയയും ജപ്പാനും തമ്മിലുള്ള െഎസ് ഹോക്കി കാണാന്‍ ഉന്നിന്റെ അപരനെത്തി. കൊറിയന്‍ ചിയര്‍ സ്ക്വാഡിനെ കണ്ടതും ആവേശത്തിലായി അപരന്‍.

ഫോട്ടോയ്ക്കും പ്രതികരണത്തിനുമായി ‌മാധ്യമപ്രവര്‍ത്തകരും വളഞ്ഞു. ആവേശം അധികം നീണ്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആളെ പിടികൂടി. ഒളിംപിക്സ് വേദി രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിച്ചതിനാണ് നടപടി. ഏറെ നേരത്തെ ചോദ്യംചെയ്യലിനു ശേഷം ദുരുദ്ദേശമൊന്നുമില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഡൂപ്ലിക്കേറ്റ് ഉന്നിന് പുറത്തിറങ്ങാനായത്.