ഡല്‍ഹി മാരത്തൺ: ലെഗസെ,അയന ചാംപ്യൻമാർ

ഡല്‍ഹി ഹാഫ് മാരത്തണില്‍ എത്യോപ്യയുടെ ബര്‍ഹാനു ലെഗസെ ഒന്നാമനായി. വനിതാവിഭാഗത്തില്‍ പതിനായിരം മീറ്ററിലെ ലോക ചാംപ്യന്‍ അല്‍മാസ് അയന ഒന്നാമതെത്തി. മുപ്പത്തയ്യായിരം ആളുകളാണ് ഇത്തവണത്തെ മാരത്തണില്‍ പങ്കെടുത്തത്.

പ്രതികൂല കാലാവസ്ഥയെ അവഗണിച്ചാണ് ഇത്തവണ ഡല്‍ഹി ഹാഫ് മാരത്തണില്‍ പങ്കെടുക്കാന്‍ ലോകമെന്പാടുംനിന്നായി കായിക താരങ്ങള്‍ എത്തിയത്. മുപ്പത്തയ്യായിരം ആളുകള്‍ പങ്കെടുത്ത മാരത്തണ്‍ കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ഫ്ളാഗ് ഓഫ് ചെയ്തു.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പതിനായിരം ആളുകളുടെ പങ്കാളിത്തം ഇത്തവണ കൂടുതലായി ഉണ്ടായി. 

പുരുഷവിഭാഗത്തില്‍ എത്യോപ്യയുടെ ബര്‍ഹാനുലെഗസെ ഒന്നാമതെത്തിയപ്പോള്‍ അമേരിക്കയുടെ ലിയോനാര്‍ഡ് രണ്ടാമതെത്തി. ഇന്ത്യയുടെ നിതേന്ദ്ര റാവത്തിന് പത്താം സ്ഥാനത്തെത്താനെ ആയുള്ളു. വനിതാവിഭാഗത്തില്‍ പതിനായിരം മീറ്ററിലെ ലോകചാംപ്യന്‍ അല്‍മാസ് അയന ഒന്നാമതെത്തി ദീര്‍ഘദൂര മല്‍സരത്തില്‍ ചാംപ്യന്‍ താന്‍തന്നെയെന്ന് വീണ്ടും തെളിയിച്ചു. 

അന്തരീക്ഷമലനീകരണംരൂക്ഷമായ സാഹചര്യത്തില്‍ 50 ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആറ് താല്‍ക്കാലിക പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സംഘാടകര്‍ തുറന്നിരുന്നു. അന്തരീക്ഷമലനീകരണം കാരണം മാരത്തണ്‍ മാറ്റിവയ്ക്കണം എന്ന് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് മാരത്തണ്‍ നടത്തിയത്.