നേട്ടങ്ങള്‍ കൊയ്ത കൗമാര പ്രതിഭയുടെ കുടുംബത്തിന് ജപ്തി ഭീഷണി

ഗുണ്ടൂരിൽ നടക്കുന്ന ദേശീയ ജൂനിയർ മീറ്റിലെ 400 മീറ്റർ ഹർഡിൽസിൽ മല്‍സരിക്കുന്ന കേരളത്തിന്‍റെ അനന്തു വിജയന്‍റെ കുടുംബത്തിന് ജപ്തി ഭീഷണി. സ്വന്തം വീട്ടില്‍ ജപ്തി നോട്ടിസ് ലഭിച്ച വിവരം അറിയാതെയാണ് അനന്തു മല്‍സരിക്കാനിറങ്ങുന്നത്.

ആന്ധ്രയിലെ ഗുണ്ടൂരില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ കേരളത്തിന്‍റെ പ്രതീക്ഷയാണ് പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരില്‍നിന്നുള്ള അനന്തു വിജയന്‍ . ദേശീയതലത്തില്‍ ഒരു സുവര്‍ണനേട്ടമടക്കം ഏറെ നേട്ടങ്ങള്‍ കൊയ്ത കൗമാര പ്രതിഭ. കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കായികോല്‍സവത്തില്‍ നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സിലും, നാനൂറ് മീറ്ററിലും സുവര്‍ണനേട്ടം. പക്ഷേ ഈ നേട്ടങ്ങള്‍ക്കൊപ്പം അനന്തു ചേര്‍ത്തുവയ്ക്കാന്‍ ആഗ്രഹിക്കുന്ന ഒരു സ്വപ്നമുണ്ട്. 

പണയത്തിലിരിക്കുന്ന സ്വന്തം വീടിന്‍റെ വീണ്ടെടുപ്പ്. ചെറുസമ്പാദ്യങ്ങള്‍ ചേര്‍ത്തുവച്ചുണ്ടാക്കിയ വീടിന്‍റെ നിര്‍മാണത്തിനുവേണ്ടി 2013ല്‍ സ്വകാര്യ ബാങ്കില്‍നിന്ന് കുടുംബം ഒരുലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഒരു വര്‍ഷം മുടക്കംകൂടാതെ തിരിച്ചടച്ചു. തുടര്‍ന്ന് പെയിന്‍റിങ് തൊഴിലാളിയായ വിജയന്‍റെ കാഴ്ച നഷ്ടപ്പെട്ടു. ചികില്‍സകളൊന്നും ഫലം കണ്ടതുമില്ല. അതോടെ തിരിച്ചടവുകള്‍ മുടങ്ങി. ഗുണ്ടൂരിലേക്ക് അനന്തു വണ്ടി കയറുന്നതിന് മുന്‍പുതന്നെ കുടിശിക അടയ്ക്കണമെന്നുകാണിച്ച് ബാങ്കിന്‍റെ നോട്ടിസ് ലഭിച്ചിരുന്നു. ജപ്തി നടപടികളിലേക്ക് നീങ്ങുകയാണെന്ന് ബാങ്ക് അറിയിച്ചെങ്കിലും അനന്തുവിനോട് പറഞ്ഞിട്ടില്ല.

കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ ജപ്തിയുടെ വക്കിലെത്തിയിരുന്നു. അന്ന് അനന്തുവിന്‍റെ സഹപാഠികളും സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളും ചേര്‍ന്ന് പിരിച്ചു നല്‍കിയ അറുപത്തി അയ്യായിരം രൂപ അടച്ചിരുന്നു. നിലവില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ഒരുലക്ഷത്തോളം രൂപ അടയ്ക്കണം. പണം അടയ്ക്കുകയാണെങ്കില്‍ ചെറിയ ഇളവ് നല്‍കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഏറെ നേട്ടങ്ങള്‍ കൊയ്ത താരത്തിന് സുമനസുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും നാട്ടുകാരും.